വാഷിംഗ്ട്ടൺ : ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ പൂർത്തീകരണത്തോട് അടുക്കുകയാണെന്നും അവർ പറഞ്ഞു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ലീവിറ്റ് ഈ പരാമർശം നടത്തിയത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി “വളരെ നല്ല ബന്ധം” പങ്കിടുന്നുണ്ടെന്നും വ്യാപാര കരാർ പൂർത്തീകരണത്തോട് ഇത് കൂടുതൽ അടുക്കുകയാണെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
അമേരിക്കയും ഇന്ത്യയും വ്യാപാര കരാറിനോട് വളരെ അടുത്താണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞതായും അതൊരു സത്യമാണെന്നും അവർ പറഞ്ഞു. വാണിജ്യ സെക്രട്ടറിയും പ്രസിഡന്റും കരാറുകൾക്ക് അന്തിമരൂപം നൽകി വരുകയാണെന്നും പ്രസിഡന്റിൽ നിന്നോ അദ്ദേഹത്തിന്റെ വ്യാപാര സംഘത്തിൽ നിന്നോ ഉടനെ തന്നെ നിങ്ങൾക്ക് കേൾക്കാനാകും,” അവർ പറഞ്ഞതായി ANI വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
എന്നാൽ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ലീവിറ്റ്ഒഴിഞ്ഞുമാറി. ഏഷ്യാ പസഫിക്കിൽ ഇന്ത്യ വളരെ തന്ത്രപരമായ സഖ്യകക്ഷിയായി തുടരുന്നു, പ്രധാനമന്ത്രി മോദിയുമായി പ്രസിഡന്റിന് വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം അത് തുടരും. എന്നാണ് ഇന്തോ-പസഫിക്കിൽ ചൈനയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞത്.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങളും സംഘർഷത്തിന്റെ നിമിഷങ്ങളും ഉണ്ടാകാമെങ്കിലും, ഇരു രാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നത് തുടരണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ തന്റെ അമേരിക്കൻ സന്ദർശന വേളയിൽ ഊന്നിപ്പറഞ്ഞു.
ബന്ധങ്ങൾ ഒരിക്കലും പ്രശ്നങ്ങളിൽ നിന്നും വ്യത്യാസങ്ങളിൽ നിന്നും മുക്തമാകില്ല. അവ കൈകാര്യം ചെയ്യാനും പോസിറ്റീവ് ദിശയിലേക്ക് നയിക്കാനുമുള്ള കഴിവാണ് പ്രധാനമെന്നും ന്യൂസ് വീക്ക് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ എസ് ജയ്ശങ്കർ പറഞ്ഞു.