തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം. മെഡിക്കൽ ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നും വിമാനമാർഗം ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തി. ലത്തോക്ലാസ്റ്റ് പ്രോബ് എന്ന ഉപകാരണങ്ങളൂം അനുബന്ധ സാമഗ്രഹികളുമാണ് എത്തിയത്. ഉപകരണങ്ങൾ എത്തിയതിനാൽ നേരത്തെ മാറ്റിവെച്ച ശസ്ത്രക്രിയകൾ പുനരാരംഭിച്ചു.
ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സാഹചര്യങ്ങൾ ഉയർത്തി ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലായിരുന്നു ആരോഗ്യ വകുപ്പിനെത ശക്തമായി വിമർശിച്ചു ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നത്. ഉപകരണങ്ങൾ ഇല്ലാത്ത കാരണത്താൽ ഓപ്പറെഷൻ മാറ്റിവെച്ച സാഹചര്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ് വൈറലാവുകയും ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടിലാവുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു അടിയന്തിരമായി ഉപകരണങ്ങൾ എത്തിച്ചത്.
തുടക്കത്തിൽ ഡോക്ടർക്കെതിരെ നടപടിക്ക് ഒരുങ്ങിയെങ്കിലും പൊതുജന പിന്തുണയും യൂണിയൻ ഡോക്ടർക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്‌ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പിൻവാങ്ങുകയായിരുന്നു. പ്രതിസന്ധിക്ക് പരിഹാരം തേടി മെഡിക്കൽ കോളേജ് പ്രിന്സിപ്പൾക്ക് മാസങ്ങളായി രേഖാമൂലം പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പ് വിഷയത്തെ ഗൗരവത്തിലെടുത്തില്ലെന്നതായിരുന്നു ഡോക്ടറുടെ പരാതിക്ക് അടിസ്ഥാനം.