റിയാദ്: സൗദി അറേബിയയിൽ സന്ദർശക വിസ പുതുക്കുന്നതിനുള്ള സംവിധാനം പുനരാരംഭിച്ചു. ഹജ്ജ് സീസണ് മുന്നോടിയായി നിർത്തിവച്ചിരുന്ന സേവനമാണ് വീണ്ടും തുടങ്ങിയത്. മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനം. ഇന്ന് രാവിലെ മുതലാണ് ഈ സേവനം സൈറ്റിൽ ആക്റ്റീവ് ആയത്. മൾട്ടിപ്പിൾ റീ എൻട്രി വിസയിലുള്ളവർക്ക് ഇപ്പോൾ വെബ്‌സൈറ്റ് വഴി പുതുക്കാൻ കഴിയുന്നതാണ്.
ഓൺലൈൻ വഴിയുള്ള വിസ പുതുക്കൽ നിർത്തിയതോടെ ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിൽ ചെന്നായിരുന്നു വിസ പുതുക്കിയിരുന്നത്. ഇത് പ്രവാസികൾക്ക് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയിരുന്നു. ഹജ്ജ് സീസൺ കഴിയുന്നതോടെ സർവീസ് പുനഃ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. പുതിയ തീരുമാനം പ്രവാസി സമൂഹത്തിന് വലിയ ആശ്വാസകരമാണ്.