കണ്ണൂർ: യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ പെരിയാട്ടടുക്കം രാജേഷിൻറെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. ബന്ധുക്കളാണ് രാജേഷിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഞായറാഴ്‌ച രാവിലെയായിരുന്നു രാജേഷിനെയും ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയും ഭർതൃമതിയുമായ യുവതിയെയും കാണാതാവുന്നത്. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും വളപട്ടണം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടുന്നത്. യുവതി നീന്തി രക്ഷപെടുകയും രാജേഷിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയുമായിരുന്നു.
ബേക്കൽ പോലീസെത്തി യുവതിയെ ചോദ്യം ചെയ്‌തിരുന്നു. വീട്ടിൽനിന്നും ഇറങ്ങിയ രണ്ടു പേരും പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ മാർഗം വളപട്ടണത്ത് എത്തുകയായിരുന്നു. ഞായറാഴ്‌ച രാത്രി 12 മണിയോടെയാണ് രണ്ടുപേരും പുഴയിൽ ചാടുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ഭർത്താവിനോടൊപ്പം മടങ്ങുകയും ചെയ്‌തു.