തിരുവനന്തപുരം: പൊതുജന ആരോഗ്യ രംഗത്തെ അനാസ്ഥയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലെയും ഡിഎംഒ ഓഫീസുകളിലേക്ക് മാർച്ച് നടന്നു.
ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് കനത്ത സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോവാതെ ബാരിക്കേഡിനുമുന്നിൽ സംഘടിച്ചതോടെ പോലീസ് ലാത്തി വീശി.
കൊല്ലം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകർത്ത പ്രവർത്തകർ ഓഫീസിലേക്ക് ചാടി കയറിയതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ യൂത്ത് കോണ്ഗ്രസിന്റെ പല നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്‌തു.
മന്ത്രി വീണ ജോർജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച ബിജെപി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്‌തു.