തിരുവവനന്തപുരം: തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടൻറെ എഫ് 35 യുദ്ധവിമാനത്തിന്റെ തകരാൻ തീർക്കുന്നതിന് ബ്രിട്ടനിൽ നിന്നും സാങ്കേതിക വിദഗ്ധരെത്തി. 17 അംഗ വിദഗ്ധസംഘമാണ് തലസ്ഥാനത്തെത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനമായ അറ്റ്ലസ് സി 1 വിമാനത്തിലാണ് എൻജിനീയേഴ്‌സ് എത്തിയത്.
തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ചിറകുകൾ അഴിച്ചു മാറ്റി ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇന്ത്യ ഫെസവിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവിക സേനയുടെ വിമാനവാഹിനികപ്പലിൽ നിന്നും പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്ന് ജൂൺ 14 നാണ് തിരുവനന്തപുറത്ത് ഇറക്കിയത്.
അടിയന്തിര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് തകരാർ സംഭവിക്കുകയായിരുന്നു. വിമാന വാഹിനികപ്പലിലുണ്ടായിരുന്ന രണ്ട് എൻജിനീയർമാർ തകരാർ പരിഹരിക്കാൻ ഹെലികോപ്റ്ററിൽ എത്തിയിരുന്നെങ്കിലും പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്ടറിൽ തിരിച്ചുപോയെങ്കിലും ഉദ്യോഗസ്‌ഥർ വിമാനത്താവളത്തിൽ തുടർന്നു.
ബ്രിട്ടീഷ് നാവിക സേനയുടെ ഈ വിമാനത്തിന് 100 ബില്യൺ ഡോളർ വില വരുന്നുണ്ട്. ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് അടിയന്തിര ലാൻഡിങ് എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ശത്രുവിൻറെ റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിവുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 യുദ്ധവിമാനങ്ങൾ. കനത്ത മഴയെ തുടർന്ന് ഹാങ്ങറിലേക്ക് മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ തള്ളിയിരുന്നു.