കോഴിക്കോട്: സൂംബ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അധ്യാപകനും മത സംഘടനാനേതാവുമായ ടി.കെ അഷ്റഫിനെ സസ്പൻറ് ചെയ്ത നടപടി നീതീകരിക്കാനാവാത്തതാണെന്ന് ഒരു വിഭാഗം മുസ്‌ലിം സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.
നിരവധി സന്ദർഭങ്ങളിൽ പരമത വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ യുദ്ധകാല അടിസ്ഥാനത്തിൽ ആക്ഷനെടുത്തത് വിവേചനപരമാണ്. ഈ വിഷയത്തിൽ ചർച്ചായാവാമെന്നും അടിച്ചേൽപ്പിക്കില്ലെന്നും ആവർത്തിച്ചു പറയുന്ന വിദ്യാഭ്യാസ മന്ത്രി വിമർശിച്ചവരെ അപഹസിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്.
അഷ്റഫിന്റെ സസ്പൻഷൻ പിൻവലിണക്കണമെന്ന് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ഡോ. ബാഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, നാസർ ഫൈസി കൂടത്തായി, ഡോ.ഹുസൈൻ മടവൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ അബ്ദുല്ലത്വീഫ് മദനി, ടി.കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, ഹാഫിള് പി.പി ഇസ്ഹാഖ് അൽ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂർ ഖാസിമി, അഡ്വ.മുഹമ്മദ് ഹനീഫ, ഇ.പി അഷ്റഫ് ബാഖവി, ഡോ. ഫസൽഗഫൂർ, എഞ്ചിനീയർ മമ്മദ് കോയ, മുസമ്മിൽ കൗസരി, ഡോ.മുഹമ്മദ് യൂസുഫ് നദ്‌വി തുടങ്ങി ഒരു വിഭാഗം മുസ്‌ലിം സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.