വാഷിംഗ്ട്ടൺ : ആഴ്ച അവസാനത്തോടെ ഗാസയിൽ വെടിനിർത്തൽ കരാർ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായി സ്റ്റീവ് വിറ്റ്കോഫ്
അഭിപ്രായപ്പെട്ടു.
“ഞങ്ങൾ ഇപ്പോൾ അന്തിമ ചർച്ചകളിലാണ്. ഞങ്ങൾക്ക് മുന്നിൽ നാല് പ്രശ്നങ്ങളാണുണ്ടായിരുന്നത്. രണ്ട് ദിവസത്തെ തുടർച്ചയായ ചർച്ചകൾക്ക് ശേഷം ഞങ്ങൾ ഒന്നിലേക്ക് എത്തിയിരിക്കുന്നു,. സ്റ്റീവ് വിറ്റ്കോഫ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ, 60 ദിവസത്തെ വെടിനിർത്തലിന് തയ്യാറാകുന്ന ഒരു കരാർ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ ഹമാസിന്റെയും ഇസ്രായേലിന്റെയും പ്രതിനിധികൾ ദോഹയിലുണ്ടെന്ന് ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. നല്ല ഇടപെടൽ നടക്കുന്നുണ്ട്. ചർച്ചകൾക്കുള്ള ചട്ടക്കൂടിൽ ചില സമവായം ഉണ്ടാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മധ്യസ്ഥ സംഘങ്ങൾ – ഖത്തറും ഈജിപ്ത്തും 24 മണിക്കൂറും പ്രവർത്തിക്കുന്നു, ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു.
ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം 57,500-ലധികം ഫലസ്തീനികളെ കൊന്നൊടുക്കി, ഭൂപ്രദേശത്തെ ഏതാണ്ട് മുഴുവൻ ജനങ്ങളെയും ആഭ്യന്തരമായി കുടിയിറക്കി, ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയുടെ വക്കിലെത്തിച്ചു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നീക്കത്തെ ഒരു വംശഹത്യയായിട്ടാണ് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധരും അവകാശ സംഘടനയും വിശേഷിപ്പിച്ചത്.