വാഷിംഗ്ട്ടൺ: വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് സുരക്ഷാ സംവിധാനത്തിലൂടെ കടന്നുപോകാൻ ഇനിമുതൽ ഷൂ നീക്കം ചെയ്യേണ്ടതില്ലന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് 20 വർഷമായി തുടരുന്ന നിയമം പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
2001ൽ പാദരക്ഷകളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച “ഷൂ ബോംബർ” റിച്ചാർഡ് റീഡിന്റെ അറസ്റ്റിന് ശേഷം, 2006 മുതലാണ് യുഎസ് വിമാനത്താവളങ്ങളിലെ യാത്രക്കാർ സ്ക്രീനിംഗിനിടെ ഷൂ നീക്കം ചെയ്യണമെന്ന നിയമം വന്നത്. 2001 ഡിസംബറിൽ പാരീസിൽ നിന്ന് മിയാമിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വെച്ച് ഷൂസിലെ ഫ്യൂസ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ റിച്ചാർഡ് റീഡിനെ മറ്റ് യാത്രക്കാർ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്ന് കുറ്റം സമ്മതിച്ചു റീഡ് കൊളറാഡോയിലെ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
ഷൂ നീക്കണമെന്ന നയം നിലവിൽ വന്നതിന് ശേഷമുള്ള 20 വർഷത്തിനുള്ളിൽ, രാജ്യത്തിന്റെ സുരക്ഷാ സാങ്കേതികവിദ്യ വലിയരീതിയിൽ മാറി. ഗതാഗത സുരക്ഷാ അഡ്മിനിസ്ട്രേഷനിലും മാറ്റങ്ങൾ വന്നു. സുരക്ഷയ്ക്കായി ഇപ്പോൾ സർക്കാരിന് ബഹുതല സമീപനമുണ്ട്. പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് നോം പറഞ്ഞു. ഒരേ നിലവാരത്തിലുള്ള സുരക്ഷ നിലനിർത്തിക്കൊണ്ട്, ജനങ്ങൾക്കും പ്രാദേശിക യാത്രക്കാർക്കും രാജ്യം സന്ദർശിക്കുന്നവർക്കും ആതിഥ്യം നൽകുന്നത് തുടരാൻ കഴിയുമെന്ന് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മറ്റ് സുരക്ഷാ നടപടികൾ മാറ്റമില്ലാതെ നിലവിലുണ്ടെന്ന് ഗതാഗത സുരക്ഷാ അഡ്മിനിസ്ട്രേഷൻ അധികാരികൾ പറഞ്ഞു. സുരക്ഷാ സമീപനത്തിന്റെ മറ്റ് വശങ്ങൾ തുടർന്നും ബാധകമാകും. ഉദാഹരണത്തിന്, യാത്രക്കാരുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ, സെക്യുർ ഫ്ലൈറ്റ് വെറ്റിംഗ്, തുടങ്ങിയ പ്രക്രിയകൾ തുടരേണ്ടതുണ്ട്. പ്രസ്‌താവനയിൽ അറിയിച്ചു.