കൊച്ചി: കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞയാഴ്‌ച പ്രസിദ്ധീകരിച്ച ഫലമാണ് കോടതി റദ്ദാക്കിയത്. പ്രോസ്പെക്ടസ് ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് നടപടി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടിയാണ് നിലവിൽ റദ്ദാക്കിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാർക്ക് ഏകീകരണം നിയമ വിരുദ്ധവും ഏക പക്ഷീയവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡികെ സിംഗിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഉത്തരവ്.
എഞ്ചിനീറിംഗ് പ്രവേശനത്തിനുള്ള പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാണിച്ചു സിബിഎസ്ഇ വിദ്യാർഥികൾ ഹരജി നൽകിയിരുന്നു. 2011 മുതൽ വെയിൻറെജ് കണക്കാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്‍തമാണ് ഇത്തവണ വെയിൻറെജ് നൽകിയത്. സിബിഎസ്ഇ വിദ്യാഥികൾക്കും തുല്യമായ പരിഗണന ലഭിക്കാനാണ് വെയിൻറെജ് ഉണ്ടാക്കിയത്. ഇപ്പോഴത്തെ വെയിൻറെജ് സിബിഎസ്ഇ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു ഹരജിയിൽ ചൂണ്ടികാട്ടിയിരുന്നത്.
കീം പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉയർന്നിരുന്നു. കീം ഫലങ്ങളിൽ കേരള വിദ്യാർഥികൾ പിന്നിലാവുന്നു എന്നായിരുന്നു പരാതി. മാർക്ക് ഏകീകരണം വരുമ്പോൾ സിബിഎസ്ഇ വിദ്യാർഥികൾ മുന്നിലേക്ക് വരുന്നു. പരീക്ഷയിൽ വലിയ മാർക്ക് നേടുന്ന കേരള സിലബസിൽ കുട്ടികൾക്ക് മാർക്ക് ഏകീകരണം വരുമ്പോൾ തിരിച്ചടി നേരിട്ടിരുന്നു. വർഷങ്ങളായുള്ള പരാതി കണക്കിലെടുത്ത് മന്ത്രിസഭ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തുകയായിരുന്നു. തമിഴ്‌നാട് മാതൃകയിൽ പരീക്ഷ നടത്തുന്ന രീതിയിൽ മാർക്ക് ഏകീകരണം നടപ്പിലാക്കുകയായിരുന്നു.