റിയാദ്: സൗദി ബാലന്റെ വധവുമായി ബന്ധപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന അബ്ദുറഹീമിന് കീഴ്കോടതി വിധിച്ച വിധി അപ്പീൽ കോടതി ശരിവെച്ചു. അബ്ദുറഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കഴിഞ്ഞ മെയ് 26 ന് കോടതി ഉത്തരവായിരുന്നു.
കോടതി വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷൻ മേൽ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ശിക്ഷ കൂട്ടണമെന്നായിരുന്നു അപ്പീൽ. ബുധനാഴ്‌ച ചേർന്ന അപ്പീൽ കോടതി നിലവിലെ വിധി ശരിവെച്ചു. ജയിലിൽ 19 വർഷം പൂർത്തിയാക്കിയ പ്രതിക്ക് മോചനം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതി ഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
റഹീമിന്റെ അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂരും ഓണലൈൻ കോടതിയിൽ ഹാജരായി, കീഴ്കോടതിയുട വിധി ശരിവെച്ച അപ്പീൽ കോടതി വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.