ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ജജ്ജാറിലാണ്. നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോർട്ടില്ല.
10 കിലോമീറ്റർ താഴ്ചയിൽ രൂപം കൊണ്ട് ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി. ശക്തമായ ഭൂകമ്പത്തിൽ ഞെട്ടിവിറച്ച നിവാസികളിൽ പലരും ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. കുറച്ച് നിമിഷങ്ങൾ ഭൂമി ശക്തമായി കുലുങ്ങുന്നതായി തോന്നി. ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ള ഒരാൾ പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്‌തു. “ഞങ്ങൾ ഇവിടെ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. എല്ലാവരോടും കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ ഞാൻ പറഞ്ഞു. എല്ലാവരും പുറത്തേക്ക് ഓടി” എന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പം ഉണ്ടായ സമയത്താണ് ഞാൻ ഉണർന്നത്. ഞാൻ ഭയന്നുപോയി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ഭൂകമ്പവും ഉണ്ടായിയിരുന്നു. ഡൽഹിയിലും പരിസര പ്രദേശത്തും പലപ്പോഴും ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നു. അതിനാൽ, സുരക്ഷയും മുൻകരുതലുകളും നാം ശ്രദ്ധിക്കണം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള മറ്റൊരാൾ പറഞ്ഞു,
ഈ വർഷം ആദ്യം, ഫെബ്രുവരി 17 നും ഡൽഹി മേഖലയിൽ ഭൂകമ്പം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4.0 ആണ് അന്ന് രേഖപ്പെടുത്തിയത്. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഡൽഹി ഭൂകമ്പ മേഖല IV-ൽ ഉൾപ്പെടുന്നു. ഇത് പ്രദേശത്തെ “ഉയർന്ന നാശനഷ്ട സാധ്യതാ മേഖല” ആയി അടയാളപ്പെടുത്തുന്നു, മിതമായതോ ശക്തമോ ആയ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെയും ഇത് സൂചിപ്പിക്കുന്നു.