ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി രൂപ അനുവദിച്ചു കേന്ദ്ര സർക്കാർ. കേരളം, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കായി കേന്ദ്രം 1066.8 കോടി രൂപയാണ് അനുവദിച്ചത്.
ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. അസമിന് 375.6 കോടി രൂപയും മണിപ്പൂരിന് 29.20 കോടി രൂപയും മേഘാലയക്ക് 30.40 കോടി രൂപയും മിസോറാമിന് 22.8 കോടി രൂപയും കേരളത്തിന് 153.2 കോടി രൂപയും ഉത്തരാഖണ്ഡിന് 455.60 കോടി രൂപയുമാണ് കേന്ദ്ര വിഹിതം അനുവദിച്ചത്.
മോഡി സർക്കാർ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് ഈ വർഷം 8000 കോടിയിലേറെ രൂപ സംസ്ഥാനങ്ങൾക്ക് നൽകിയെന്നും അമിത്ഷാ പറഞ്ഞു,
സാമ്പത്തിക സഹായത്തിന് പുറമെ എൻഡിആർഎഫ്, കരസേനാ, വ്യോമസേന തുടങ്ങിയവയുടെ സേവനവും ആവശ്യമാകുന്ന ഘട്ടങ്ങളിൽ നൽകുക എന്നതാണ് കേന്ദ്ര മുൻഗണനയെന്നും അമിത് ഷാ പറഞ്ഞു.