ഗാസ: ബന്ദിയായി പിടികൂടാനുള്ള ശ്രമത്തിനിടയിൽ ഒരു ഇസ്രായേൽ സൈനികനെ കൂടി ഹമാസ് വധിച്ചു. മാസ്റ്റർ സർജന്റ് അബ്രഹാം അസൂലെ (25) ആണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ഇസ്രായേലി സൈനികർക്ക് നേരെ ഹമാസ് പോരാളികൾ നടത്തിയ മിന്നലാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെടുന്നത്. അബ്രഹാമിനെ ജീവനോടെ പിടികൂടാനായിരുന്നു ശ്രമം. ഹമാസ് യുദ്ധക്കുറ്റം ചെയ്‌തെന്നാണ് സംഭവത്തിൽ ഇസ്രായേൽ ആരോപിക്കുന്നത്.
ഫലസ്‌തീനികളുടെ സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്ന സൈനികനെ തുരങ്കത്തിൽ ഒളിച്ചിരുന്ന ഹമാസ് പോരാളികൾ ലക്‌ഷ്യം വെക്കുകയായിരുന്നു. വെടിവെച്ചു നിരായുധനാക്കിയ ശേഷം ജീവനോടെ പിടി കൂടാനായിരുന്നു ഹമാസ് പദ്ധതി. ഇതറിഞ്ഞ കൂടുതൽ സൈനികർ രംഗത്തു വന്നതോടെ സൈനികനെ ഹമാസ് വെടിവെച്ചുകൊല്ലുകയും ആയുധങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു.
അതേ സമയം, ഫലസ്‌തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തുന്ന ക്രൂരതകൾക്ക് യാതൊരു അറുതിയുമാവുന്നില്ല. യുഎസ് പ്രസിഡൻറ് ട്രംപ് മുന്നോട്ടു വെച്ച വെടിനിർത്തൽ നിർദ്ദേശങ്ങൾ ഹമാസ് സ്വാഗതം ചെയ്‌തെങ്കിലും ഇസ്രായേൽ തള്ളിക്കളയുകയായിരുന്നു. ഇന്ന് പുലർച്ചെ മാത്രം 82 നിരാലംബരായ മനുഷ്യരെയാണ് ഇസ്രായേൽ ഇന്ന് കൊലപ്പെടുത്തിയത്. 247 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.