കോഴിക്കോട് : പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ കൊലചെയ്യപ്പെട്ട യമൻ പൗരൻ തലാലിന്റെ ബന്ധുവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രകോപന കമന്റുകളുമായി മലയാളികൾ. ഒരു നിലക്കും നിമിഷ പ്രിയ മോചിതയാകരുതെന്ന് താല്പര്യമുള്ളവരാണ് പ്രകോപനത്തിന് പിന്നിൽ. നിമിഷ പ്രിയ മോചിതയായാൽ കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പ്രസിദ്ധി വർദ്ധിക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കേസിന്റെ നാൾവഴികൾ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടിരുന്ന അബ്ദുൽ ഫത്താഹ് മഹ്ദി എന്ന ബന്ധുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലാണ് മലയാളികൾ പ്രകോപന കമന്റുകൾ ഇടുന്നത്. ദയാധനം വാങ്ങി കേസ് ഒത്ത് തീർപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതിൽ പ്രധാനി ഫത്താഹ് ആണ് എന്നാണ് അറിവ്. ഇയാളെ പ്രകോപിപ്പിക്കുന്നത് വഴി കുടുംബം കേസ് ഒത്തുതീർപ്പാക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്ന ലക്ഷ്യത്തോടെയാണ് കമന്റുകൾ എന്നത് വ്യക്തമാണ്.
വധ ശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നീട്ടി വെച്ചതായുള്ള അറിയിപ്പ് ലഭിച്ചു എന്നറിയിച്ചു കൊണ്ട് അദ്ദേഹം ഇട്ട പോസ്റ്റിന് കീഴിൽ മലയാളത്തിലും അറബിയിലും ആണ് പ്രകോപന കമന്റുകൾ ഇടുന്നത്. പോസ്റ്റിന് താഴെ ചിരിക്കുന്ന ഇമോജി ഇട്ട മുബാറഖ് എന്ന ആളോട് ” ചിരിക്കേണ്ട അടുത്ത ദിവസം നിങ്ങൾ കരയും” എന്നാണ് ഫത്താഹ് മറുപടി ഇട്ടത്. ഇതിന് മറുപടിയായി ” ചിരിക്കുന്നത് ഞാനല്ല, കേരളത്തിലെ ശൈഖ് അബൂബക്കറിന്റെ ആളുകളാണ് ചിരിക്കുന്നത്. അവർ ഇ വിഷയത്തിലുള്ള എന്റെ നിലപാടിനെ എതിർക്കുന്നു” എന്നാണ് മുബാറക്ക് കുറിച്ചത്. ചിലർ അവരുടെ സ്വാർത്ഥതക്കായി പ്രവർത്തിക്കുന്നു. അയാളെ വിശ്വസിക്കരുത്. അയാൾ തെറ്റായ വിവരങ്ങളാണ് നൽകുന്നത്” എന്നാണ് ഫഖീഹ് ഫഖീഹ് എന്ന ആളുടെ കമന്റ്.
ശിക്ഷാ വിധിയുമായി മുന്നോട്ട് പോയാൽ സ്വയം സേവകരുടെ ശക്തി നീ തിരിച്ചറിയും എന്നാണ് സ്വയം സേവകൻ എന്ന ഐഡി യിൽ നിന്നുള്ള കമന്റ്. നമ്മുടെ കൂടെ പിറപ്പിനോട് ഇങ്ങനെ ആരെങ്കിലും ചെയ്താൽ ക്ഷമിക്കാൻ പറഞ്ഞാൽ നമ്മൾ ക്ഷമിക്കുമോ എന്നാണ് നിത്യാ ശിവരാജൻ ചോദിക്കുന്നത്. ഇത്തരത്തിൽ വളരെയധികം പ്രകോപനപരമായ കമന്റുകളാണ് യഥാർത്ഥ പേരിലും വ്യാജ പേരിലുമായി പലരും ഇടുന്നത്.
വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ യാതൊരു വിധ വിട്ടിവീഴ്ച്ചക്കും തയാറാവില്ല എന്ന് തന്നെയാണ് ഫത്താഹ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നത്. മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും ഇന്ന് നേടിയതും കേട്ടതും പുതിയതോ ആശ്ചര്യകരമോ ഒന്നല്ല. കഴിഞ്ഞ വർഷങ്ങളിലുടനീളം പല പരിശ്രമങ്ങളും മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിക്കുന്നതുമാണ്. അദ്ദേഹം കുറിച്ചു. ഞങ്ങൾ കടന്നുപോയ സമ്മർദ്ദം ഞങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല, ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രമാണ്. നിർഭാഗ്യവശാൽ ഇപ്പോൾ അത് താത്കാലികമായി മാറ്റിവച്ചിരിക്കുന്നു. ഏതെങ്കിലും രൂപത്തിലുള്ള അനുരഞ്ജനത്തിനുള്ള ഏതൊരു ശ്രമത്തിനും ഞങ്ങൾ പൂർണ്ണമായി വിസമ്മതിക്കുന്നു. വധശിക്ഷ വരെ ഞങ്ങൾ പിന്തുടരും. എന്നും കുറിപ്പിലുണ്ട്.
ഇന്നലെ രാത്രിവരെ, ഇന്ന് വധ ശിക്ഷ നടപ്പിലാക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഫത്താഹ്. ഞങ്ങൾക്ക് ഇ വിഷയവുമായി ബന്ധപ്പെട്ട് യാതാരു അറിയിപ്പും ലഭിച്ചില്ലെന്നാണ് ഇന്നലെ പോസ്റ്റ് ചെയ്തിരുന്നത്. അതിനടിയിലും പ്രകോപന കമന്റുകൾ നിറഞ്ഞിരുന്നു. ഇത്രമാത്രം വികാരപരമായി വിഷയത്തെ കാണുന്ന ബന്ധുവിന്റെ പോസ്റ്റുകൾക്ക് അടിയിൽ പ്രകോപന കമന്റുകൾ ഇടുന്നത് ദുഷ്ടലക്കോടെ തന്നെയാണെന്നാണ് മനസിലാവുന്നത്.