തിരുവന്തപുരം : കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു വി എസ്. പൊതുപ്രവർത്തനത്തിലൂടെയും നിലപാടുകളിലൂടെയും അദ്ദേഹം ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് മറഞ്ഞത്.
1923 ഒക്ടോബർ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ച അച്യുതാനന്ദന്റെ ശെരിയായ പേര് വേലിക്കുഴിയിൽ ശങ്കരൻ അച്യുതാനന്ദൻ എന്നാണ്. ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. പുന്നപ്ര-വയലാർ സമരത്തിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായും പൊളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിലും ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.