ഗാസിയാബാദ്: വാടക വീട്ടിൽ വ്യാജ എംബസി നടത്തിയതിന് 47 കാരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹർഷ്‌വർദ്ധൻ ജെയിൻ എന്നറിയപ്പെടുന്ന ആളാണ് ഗാസിയാബാദിലെ കവി നഗർ പ്രദേശത്ത് വ്യാജ എംബസി നടത്തിയതിന് അറസ്റ്റിലായത്.
അന്റാർട്ടിക്കയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈക്രോനേഷൻ രാജ്യമായ വെസ്റ്റാർക്കിറ്റിയുടെ നിയമവിരുദ്ധ നയതന്ത്ര ദൗത്യം നടത്തിയതിനാണ് ഹർഷ്‌വർദ്ധൻ ജെയിനെ അറസ്റ്റ് ചെയ്തതെന്ന് ഉത്തർ പ്രദേശ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) അമിതാഭ് യാഷ് പറഞ്ഞു. വെസ്റ്റാർക്കിറ്റിക്ക് പുറമേ, സെബോർഗ, ലഡോണിയ, പൗൾവിയ എന്നീ മൈക്രോനേഷൻ രാജ്യങ്ങളുടെ കോൺസലും അംബാസഡറും ആണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.
പരമാധികാര രാഷ്ട്രങ്ങളാണെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളാണ് മൈക്രോനേഷൻ രാജ്യങ്ങൾ. ഇവരെ ഐക്യരാഷ്ട്രസഭ പോലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങൾ രാജ്യമായി അംഗീകരിക്കുന്നില്ല. ഇന്ത്യയും ഈ മൈക്രോനേഷനുകളെ അംഗീകരിക്കുന്നില്ല.
ഗാസിയാബാദിലെ ഉയർന്ന പ്രദേശത്തുള്ള ഓഫീസ് വ്യാജ കോൺസുലേറ്റാക്കി മാറ്റിയ ഹർഷ്‌വർദ്ധൻ ജെയിൻ വിവിധ മൈക്രോരാഷ്ട്രങ്ങളുടെ പതാകകൾ ഉയർത്തിയിരുന്നു. നിയമവിരുദ്ധമായി നയതന്ത്ര രജിസ്ട്രേഷൻ പ്ലേറ്റുകൾ പതിച്ച നാല് ആഡംബര വാഹനങ്ങളും ഉപയോഗിച്ചിരുന്നു.
വ്യാജ എംബസിയിൽ നടത്തിയ റെയ്ഡിൽ 44.7 ലക്ഷം ഇന്ത്യൻ രൂപയും ഏകദേശം 30 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും കണ്ടെത്തി. ഓഡി, മെഴ്‌സിഡസ് എന്നിവയുൾപ്പെടെ 4 ആഡംബര കാറുകൾ, നയതന്ത്രജ്ഞരുടെ 20 വ്യാജ വിഐപി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ, 12 വ്യാജ പാസ്‌പോർട്ടുകൾ, രണ്ട് പാൻ കാർഡുകൾ, വിവിധ രാജ്യങ്ങളുടെ 34 സ്റ്റാമ്പുകൾ, 12 പ്രീമിയം വാച്ചുകൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് രേഖകൾ എന്നിവയും കണ്ടെത്തി.
ബിസിനസുകാരെ കബളിപ്പിക്കാനും ഹവാല റാക്കറ്റ് നടത്താനും വ്യാജ എംബസി നടത്തിയിരുന്നതായി ജെയിൻ സമ്മതിച്ചതായി ഉത്തർ പ്രദേശ് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ എംബസിയും നടത്താൻ കഴിയില്ലെന്നിരിക്കെ ഇന്ത്യയുടെ പരമാധികാരത്തിന് എതിരാണ് രീതിയിൽ വ്യാജ എംബസി എങ്ങനെ പ്രവർത്തിച്ചു എന്നത് ചോദ്യമായി കിടക്കുന്നു