മലപ്പുറം: മഅ്‌ദിൻ അക്കാദമിയുടെ കീഴിൽ നടന്ന ഗ്ലോബൽ എൻആർഐ സമ്മിറ്റിന് പ്രൗഢ സമാപനം. മലപ്പുറം മഅ്‌ദിൻ ക്യാമ്പസിൽ നടന്ന സമ്മിറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവാസികൾ പങ്കെടുത്തു.
പ്രവാസി സമൂഹം മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ തയ്യാറാവണമെന്നും ഉയർന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക മുന്നേറ്റം സാധ്യമാകൂവെന്നും മഅ്‌ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി പറഞ്ഞു. ഇന്ത്യയിലെ സർവകലാശാലകളിൽ മാത്രമല്ല ലോകോത്തിലെ പ്രമുഖ സ്ഥാപനങ്ങളായ കേംബ്രിഡ്‌ജിലും ഓക്സ്ഫോർഡിലും ഹാർഡ്‌വേഡ് യൂണിവേഴ്‌സിറ്റികളിലും ചേർത്ത് നമ്മുടെ മക്കളെ പഠിപ്പിക്കാൻ നാം ശ്രമിക്കണമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.
ചരിത്രങ്ങൾ എല്ലാം സത്യങ്ങളല്ല. ചരിത്രങ്ങളോട് നാം സംവദിക്കണമെന്നും അതിലൂടെ നാം സത്യങ്ങൾ പഠിക്കണമെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ചരിത്ര ഗവേഷകൻ അബ്ബാസ് പനക്കൽ പറഞ്ഞു.
മഅ്‌ദിൻ അക്കാദമിക് ഡയറക്റ്റർ നൗഫൽ കോഡൂർ മഅ്‌ദിന്റെ വിവിധ സ്ഥാപനങ്ങളെ പരിചയപ്പെടുത്തി. മഅദിൻ ഡയറക്റ്റർ ഉമ്മർ മേൽമുറി സ്വാഗതം പറഞ്ഞു.
ഐസിഎഫ് ഇന്റർനാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, ഐസിഎഫ് സൗദി നാഷണൽ പ്രസിഡൻറ് അബ്‌ദുറഷീദ് സഖാഫി മുക്കം, ഐസിഎഫ് കുവൈറ്റ് നാഷണൽ പ്രസിഡൻറ് സയ്യിദ് സൈനുദ്ധീൻ തങ്ങൾ, ഐസിഎഫ് യുഎഇ നാഷണൽ പ്രസിഡൻറ് മുസ്‌തഫ ദാരിമി, പ്രവാസി പൊതു പ്രവർത്തകൻ ഇബ്രാഹീം സുബ്ഹാൻ തുടങ്ങിയവർ സംബദ്ധിച്ചു.