റിയാദ്: ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്‌ത മൂന്ന് സൗദി പൗരന്മാരുടെ വധ ശിക്ഷ നടപ്പിലാക്കി. ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും മറ്റൊരു വിദേശ പൗരനെയുമായിരുന്നു ഇവർ കൊലപ്പെടുത്തിയിരുന്നത്. മുസാഅദ് ബിൻ മുഹമ്മദ് ബിൻ റുബാഇ, അബ്‌ദുല്ല ബിൻ ഇബ്രാഹീം ബിൻ അബ്‌ദുൾ അസീസ് അൽ മുഹൈമിദ്, റയാൻ ബിൻ അബ്‌ദുൾസലാം ബിൻ അലി അൽ റുബാഇ എന്നീ പ്രതികളെയാണ് വധ ശിക്ഷക്ക് വിധയമാക്കിയയത്. വ്യാഴാഴ്‌ച അൽ ഖസീം പ്രവിശ്യയിൽ വെച്ച് വധശിക്ഷ നടപ്പാക്കിയതായി അധികൃതർ അറിയിച്ചു.
മൂന്ന് സൗദി പൗരന്മാരും നിരോധിത ഭീകരസംഘടനയിൽ ചേർന്ന് പ്രവവർത്തിച്ചിരുന്നു. തുടർന്ന് സ്‌ഫോടക വസ്‌തുക്കൾ നിർമ്മിക്കുകയും ബെൽറ്റ് ബോംബുകളായി ചാവേർ ആക്രമണം നടത്താൻ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥനെയും വിദേശി പൗരനെയും ഇവർ കൊലപ്പെടുത്തുന്നത്.
ഭീകര പ്രവർത്തനവുമായി ബന്ധപെട്ട നിരവധി വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ നടപടികൾ ആരംഭിച്ചത്. കീഴ്കോടതികൾ വിധിച്ച വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് വിധി നടപ്പിലാക്കുവാൻ രാജാവ് ഉത്തരവ് ഇറക്കിയിരുന്നു. നിരപരാധികളായ ആളുകളെ ആക്രമിക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.