വാഷിങ്ടൺ: അമേരിക്കയിൽ ടേക്ക് ഓഫിനിടെ വിമാനത്തിൽ തീയും പുകയും. ഡെൻവർ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മയാമിലേക്ക് പുറപ്പെടാനൊരുങ്ങിയ ബോയിങ് മാക്‌സ് 737 എട്ട് വിമാനത്തിലായിരുന്നു തീയും പുകയും ഉയർന്നത്.
സംഭവത്തെ തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് ഒഴിവാക്കി. വിമാനത്തിലെ 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. ലാൻഡിംഗ് ഗിയറിന് സംഭവിച്ച തകരാറാണ് അപകടത്തിന് കാരണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
തീപിടുത്തത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. വിമാനം റൺവേയിലിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.