വാഷിംഗ്ട്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഉടലെടുത്ത ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ വെടി നിർത്തലിനു മദ്ധ്യസ്ഥതവഹിച്ചത് താനാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ വിഷയം ട്രംപ് വീണ്ടും ഉന്നയിച്ചത്.
തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കൽ എനിക്ക് എളുപ്പമുള്ള ഒന്നാണ്. കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാൻ ഒത്തുതീർപ്പാക്കിയിരുന്നു, ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാപാര കരാർ ഉപയോഗപെടുത്തിയതായും സമാന രീതിയിൽ തായ്‌ലൻഡ് കംബോഡിയ വിഷയം കൈകാര്യം ചെയ്യുമെന്നും ട്രംപ് സൂചിപ്പിക്കുന്നുണ്ട്. യുദ്ധങ്ങൾ പരിഹരിക്കാൻ എനിക്ക് വ്യാപാരം ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അത് എന്റെ ബഹുമതിയാണെന്നാണ് ട്രംപ് പറഞ്ഞത്.
തായ്‌ലൻഡുമായും കംബോഡിയയുമായും അമേരിക്ക ധാരാളം വ്യാപാരം നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ വ്യക്തിപരമായി വിളിച്ച് അവർ യുദ്ധം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഒരു വ്യാപാര കരാറും മുന്നോട്ട് പോകില്ലെന്ന് മുന്നറിയിപ്പ് നൽകിയതായിട്ടുണ്ട്. ഫോൺ കോൾ അവസാനിപ്പിച്ചപ്പോഴേക്കും, അവർ തമ്മിൽ ഒത്തുതീർപ്പിലെത്തുമെന്ന് കരുതുന്നതായും ട്രംപ് അറിയിച്ചു.