റിയാദ്: പശ്ചിമേഷ്യയിലെ പ്രശ്ങ്ങൾക്ക് സ്ഥായിയായ പരിഹാരം സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം മാത്രമാണെന്ന് സൗദി അറേബ്യ. ന്യൂയോർക്കിലെ യുഎൻ പൊതു സഭയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് അമീർ ഫൈസൽ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യയുടെയും ഫ്രാൻസിൻറെയും സംയുക്ത അധ്യക്ഷതയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
“ഫലസ്‌തീൻ പ്രശ്‌നങ്ങളുടെ സമാധാന പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും” എന്ന തലകെട്ടിലായിരുന്നു സമ്മേളനം. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള ഒരു നിർണായക നാഴിക കല്ലാണ് ന്യൂയോർക്ക് സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ നടക്കുന്ന ദുരന്തങ്ങൾക്ക് എത്രയും വേഗം അവസാനമുണ്ടാവണം. ഫലസ്‌തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നൽകുന്നതിലൂടെ മാത്രമേ മേഖലയിൽ സ്ഥിരത കൈവരിക്കാൻ സാധിക്കുകയുള്ളൂ.
നീതിയുക്തവും സമഗ്രവുമായ ഏതൊരു പരിഹാരവും സ്വീകാര്യമാണ്. പശിമേഷ്യയിൽ സമാധാനത്തിനും സ്ഥിരതക്കുമുള്ള ഏക മാർഗം ദ്വിരാഷ്ട്രവാദം നടപ്പാക്കുക എന്നത് മാത്രമാണ്. മാനുഷികവും വികസനപരവുമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഫലസ്‌തീൻ ജനതയെ പിന്തുണക്കുന്നതിന് ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്. ഫ്രാൻസുമായി ചേർന്ന് ലോക ബാങ്കിൽ നിന്നും 30 കോടി ഡോളറിൻറെ സഹായം ഫലസ്‌തീൻ ജനതക്ക് കൈമാറാനുള്ള ശ്രമങ്ങൾ നടത്തിയതായും അദ്ദേഹം അറിയിച്ചു.
സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻറെ പ്രഖ്യാപനത്തെ സൗദി സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ പ്രക്രിയകളെ ശക്തിപ്പെടുത്താനുള്ള നല്ല മുന്നേറ്റമായി ഇതിനെ ഞങ്ങൾ കാണുന്നു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം പിന്തുണക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു.
യുഎൻ പൊതുസഭയിൽ നടക്കുന്ന സമ്മേളനത്തിന് നേതൃത്വം നൽകാൻ ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടിനോപ്പം സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ തിങ്കളാഴ്ചയാണ് ന്യൂയോർക്കിലെത്തിയത്.