മോസ്‌കോ : റഷ്യയുടെ വിദൂര കിഴക്കൻ മേഖലയായ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ടുകൾ. പസഫിക് സമുദ്രത്തിലുടനീളം 4 മീറ്റർ (13 അടി) വരെ ഉയരമുള്ള സുനാമി ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. നിരവധി ആളുകൾക്ക് പരിക്കറ്റിട്ടുണ്ട്.
തീരത്ത് 3-4 മീറ്റർ (10-13 അടി) ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടായതായി അടിയന്തര സാഹചര്യങ്ങൾക്കായുള്ള പ്രാദേശിക മന്ത്രി സെർജി ലെബെദേവ് പറഞ്ഞു. ഇതേ തുടർന്ന് ജപ്പാന്റെ കിഴക്കൻ തീരത്തും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഹവായ്, പടിഞ്ഞാറൻ തീരം, വിവിധ പസഫിക് ദ്വീപുകൾ എന്നിവയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിസി) റിപ്പോർട്ട് പ്രകാരം 19.3 കിലോമീറ്റർ (12 മൈൽ) ആഴത്തിലും 1,65,000 ആളുകൾ താമസിക്കുന്ന പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയുടെ കിഴക്ക്-തെക്കുകിഴക്ക് കേന്ദ്രീകരിച്ചും ആണ് ഭൂകമ്പം ഉണ്ടായത്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 3 മീറ്റർ (10 അടി) ഉയരത്തിൽ കൂടുതൽ ഉയരുന്ന അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകി. എക്കോഡോർ, ചിലി, ഹവായ്, ജപ്പാൻ, റഷ്യ, സോളമൻ ദ്വീപുകൾ, പസഫിക്കിന്റെ ഭൂരിഭാഗവും, അലാസ്ക ഉൾപ്പെടെയുള്ള യുഎസ് പടിഞ്ഞാറൻ തീരങ്ങളിലും മുന്നറിയിപ്പുണ്ട്.
ഭൂകമ്പം ബാധിതമായ കാംചത്ക പെനിൻസുല ഉൾപ്പെടെയുള്ള റഷ്യയുടെ കിഴക്കൻ മേഖല, “പസഫിക് റിംഗ് ഓഫ് ഫയർ” എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായി സജീവമായ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും വളരെയധികം സാധ്യതയുള്ള പ്രദേശമാണിത്.
ഇന്ത്യൻ തീരങ്ങളിൽ സുനാമിയുടെ ഭീഷണിയുമില്ലെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻക്കോയ്സ് ) അറിയിച്ചു. റഷ്യയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും ഇന്ത്യൻ മഹാസമുദ്രത്തിനും സുനാമിയുടെ ഭീഷണിയില്ല. എക്‌സിലെ പോസ്റ്റിൽ ഇൻക്കോയ്സ് പറഞ്ഞു.