ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ മറവ് ചെയ്‌തെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൂന്നാം ദിവസം നിർണായക തെളിവുകൾ കണ്ടത്തി. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ടടി താഴ്ചയിൽ നിന്നാണ് അസ്ഥി കൂടങ്ങൾ കണ്ടെത്തിയത്. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് സംഘം അറിയിച്ചു. സ്ഥലത്ത് പരിശോധനകൾ വരികയാണ്.
രണ്ടു ദിവസങ്ങളിലായി അഞ്ച് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. അന്വേഷണ സംഘത്തലവൻ പ്രണബ് മൊഹന്തി ഇന്നലെ ബംഗളുരുവിൽ നിന്നും ധർമ്മസ്ഥലയിലെത്തി. കാടിനുള്ളിൽ കുഴിച്ച പോയിന്റുകളിൽ നേരിട്ട് പരിശോധന നടത്തി. സാക്ഷി സൂചിപ്പിച്ച എട്ട് സ്ഥലങ്ങൾ അന്വേഷണ സംഘം അതിരുകെട്ടി സുരക്ഷിതമാക്കിയിരിക്കുകയാണ്. ഇതിൽ നാലെണ്ണം നേത്രാവതി നദിക്ക് സമീപമുള്ള ദേശീയ പാതയിലും മൂന്നെണ്ണം കാട്ടിനുള്ളിലും ഒരെണ്ണം നേത്രാവതി സ്നാനഘട്ടത്തിൽ നിന്നും ആജുകുമാരിയിലേക്കുള്ള ചെറു റോഡിലുമാണ്.
കന്യാടിയിലെ സ്വകാര്യ ഭൂമിയിൽ രണ്ട് സ്ഥലങ്ങൾ സാക്ഷി കാണിച്ചു കൊടുത്തെങ്കിലും അവിടെ പരിശോധിക്കുന്നതിന് എസ്ഐടിക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഓരോ സ്ഥലങ്ങളിലും സാക്ഷി ആവശ്യപ്പെട്ടതിനേക്കാൾ കൂടുതകൾ ചുറ്റളവിൽ അന്വേഷണ സംഘം കുഴിച്ചു ഉപരിശോധന നടത്തുകയാണ്.