കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്ക് ആഗസ്റ്റ് ഏഴ് വരെ അപേക്ഷ സമർപ്പിക്കാം. 2026 വർഷത്തെ ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഒരാഴ്‌ച കൂടി ദീർഘിപ്പിച്ചത്. ജൂലൈ ഏഴു മുതലായിരുന്നു അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സംസ്ഥാനത്ത് ഇന്നലെവരെ 20,978 അപേക്ഷകളാണ് ലഭിച്ചത്. 4,112 പേർ 65 വയസ്സിന് മുകളിലുള്ളവരും 2,817 പേർ മഹറമില്ലാത്ത വനിതകളും 13,255 പേർ ജനറൽ കാറ്റഗറിയിലുമുള്ള അപേക്ഷകളാണ് ലഭിച്ചത്. 793 പേർ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വർഷം പുതുതായി ആരംഭിച്ച 20 ദിവസത്തെ ഹജ്ജ് പാക്കെജിൽ ഇതുവരെ 2,186 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
പാസ്സ്‌പോർട്ട് ലഭിക്കാത്ത ഹജ്ജ് അപേക്ഷകർക്ക് വേഗത്തിൽ പാസ്പോർട്ട് നൽകുന്നതിന് പാസ്പോർട്ട് നോഡൽ ഓഫീസറോട് നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി കവർ നമ്പർ നൽകി വരികയാണ്. ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ദീർഘിപ്പിക്കണമെന്ന് ഹജ്ജ് മന്ത്രി വി അബ്‌ദുറഹ്‌മാൻ കേന്ദ്ര ഹജ്ജ് മന്ത്രി കിരൺ റിഡ്‌ജുവിനോട് ആവശ്യപ്പെട്ടിരുന്നു. ഹജ്ജിന് തെരെഞ്ഞെടുക്കപെട്ടവർ 152,300 രൂപ ആദ്യ ഗഡുവായി ഈ മാസം 20 നുള്ളിൽ അടക്കണം.