ന്യൂഡൽഹി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധ ശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് യമനിലെ കുടുംബവുമായി ചർച്ച നടത്തുന്നതിന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയടക്കമുള്ള സംഘത്തെ യമനിലേക്ക് അയക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി.
മധ്യസ്ഥ ചർച്ചകൾക്ക് വേണ്ടി ആറംഗ പ്രതിനിധി സംഘത്തെ അയക്കണമെന്നായിരുന്നു ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യമാണ് കേന്ദ്രം തള്ളിയത്. ചർച്ച കുടുംബങ്ങൾക്കിടയിലാണ് നടക്കുന്നതെന്നായിരുന്നു കേന്ദ്രത്തിൻറെ വാദം.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൻറെ പേരിൽ തർക്കം കടുക്കുകയാണ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുടെ ഓഫീസ് പറയുന്നത്. ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
വധശിക്ഷ റദ്ദായെന്ന പ്രചാരങ്ങൾക്കെതിരെ ഇവാഞ്ചെലിസ്റ്റ് നേതാവ് ഡോ. കെഎ പോളും രംഗത്ത് വന്നിരിക്കുന്നു. കാന്തപുരം മാപ്പ് പറയണമെന്ന ആവശ്യമാണ് പോൾ പറയുന്നത്. സോഷ്യൽ മീഡിയയിലും പലരീതികളിലുള്ള ചർച്ചകളാണ് നടക്കുന്നത്. രഷ്ട്രീയ മുതലെടുപ്പുകൾക്കിടയിൽ മനുഷ്യജീവന്റെ വില മറന്നു പോവുകയാണെന്നും മാനുഷിക മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന യഥാർഥ കേരള മോഡലുകളെ തമസ്‌കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി.
ഒരു ക്രൈസ്‌തവ സ്ത്രീയുടെ ജീവൻ തിരിച്ചുകിട്ടുന്നതിന് വേണ്ടിയുള്ള കാന്തപുരമെന്ന മുസ്‌ലിം പണ്ഡിതൻറെ ചെറിയ ശ്രമങ്ങൾ പോലും ഉൾകൊള്ളാൻ കഴിയാത്ത വിധം മലീമസപ്പെട്ടുപോയിട്ടുണ്ട് പലരുടെയും മനസ്സുകളെന്ന് ചിലർ അഭിപ്രയപ്പെടുന്നു. നിമിഷപ്രിയയുടെ ജീവൻ നഷ്ട്ടപെട്ടാലും കാന്തപുരം വിഷയത്തിൽ ഇടപെടേണ്ടന്ന നിലപാടാണ് കേന്ദ്രത്തിനും ക്രിസംഘികൾക്കുമെന്നാണ് ചിലർ പറയുന്നത്.