റായ്‌പൂർ: ഛത്തീഷ് ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ചായിരുന്നു ഇവരെ അറസ്‌റ്റ് ചെയ്‌തിരുന്നത്. ബിലാസ്‌പൂർ എൻഐഎ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. കേസിൽ ഇന്നലെ വാദം പൂർത്തിയാക്കിയ കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് സിറാജുദ്ധീൻ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്മേലായിരുന്നു ഇന്നലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നത്. എന്നാൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടികാണിച്ചു പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ എതിർത്തു. കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.
വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് ഇവർക്കെതിരെ എഫ്‌ഐആർ തെയ്യാറാക്കിയതെന്ന് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ അമൃതോടോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റം ചെയ്‌തെന്ന് പറയാനാകില്ലെന്നും കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടാത്തതിനാലും അവർ ജയിലിൽ തുടരേണ്ട ആവശ്യമില്ലെന്നും ഇതുവരെ ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്തതിനാലും ജാമ്യം അനുവദിക്കണമെന്ന് അമൃതോടോസ് ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരെ കോടതി തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നാണ് പ്രയോസിക്യൂഷൻ മറുപടി നൽകിയത്. കന്യാസ്ത്രീകൾക്കെതിരെ പരാതി നൽകിയ ബജ്‌രംഗ് ദൾ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിർത്തു.
പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ മലയാളി കന്യാസ്ത്രീകളും ഇവരുടെ കൂടെയുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്‌മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്‌റ്റിലായ അന്നുമുതൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ ദുർഗ് ജയിലിലാണ്.



