32.1 C
Saudi Arabia
Friday, October 10, 2025
spot_img

പ്രൊഫസർ എംകെ സാനു അന്തരിച്ചു

കൊച്ചി: പ്രമുഖ എഴുത്തുകാരനും ചിന്തകനും സാഹിത്യ നിരൂപകനുമായ എംകെ സാനു (98) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പത്രപ്രവർത്തകൻ, ജീവചരിത്രകാരൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ആലപ്പുഴ തുമ്പോളിയിൽ 1928 ഒക്ടോബർ 27 നായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ഒന്നാം റാങ്കോടെ എംഎ ബിരുദം നേടി. എറണാകുളം മഹാരാജാസ് കോളേജ്, കൊല്ലം ശ്രീ നാരായണൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം ചെയ്‌തിട്ടുണ്ട്‌. 1983ൽ പ്രൊഫസറായാണ് സർവീസിൽ നിന്നും വിരമിച്ചത്.

1984ൽ പു ക സ യുടെ പ്രസിഡന്റായും 1985 ൽ കേരള സർവകലാശാലയുടെ ശ്രീ നാരായണ പഠന കേന്ദ്രത്തിൻറെ ഡാറയക്ടറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. വിമർശന ഗ്രന്ഥമായ കാറ്റും വെളിച്ചവും 1960ൽ പുറത്തിറങ്ങി. 1987ൽ കോൺഗ്രസ് നേതാവ് എഎൽ ജേക്കബിനെ പരാജയപ്പെടുത്തി എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടത് സ്ഥാനാർഥിയായി വിജയിച്ചു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പ്രഭാതദർശനം, സഹോദരൻ കെ അയ്യപ്പൻ, ഇവർ ലോകത്തെ സ്നേഹിച്ചവർ, എം ഗോവിന്ദൻ, അശാന്തിയിൽ നിന്നും ശാന്തിയിലേക്ക്- ആശാൻ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യാ ജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം), യുക്തിവാദി എംസി ജോസഫ് (ജീവചരിത്രം), ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം), മോഹൻലാൽ-അഭിനയ കലയിലെ ഇതിഹാസം (ജീവചരിത്രം), നാരായണ ഗുരുസ്വാമി തുടങ്ങി നിരവധി ഗ്രന്ഥങ്ങളാണ് എംകെ സാനു രചിച്ചിരുന്നത്. കർമഗതി എന്ന പേരിലാണ് സ്വന്തം ആത്മകഥ എഴുതിയത്.

Related Articles

- Advertisement -spot_img

Latest Articles