റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക രക്ഷാധികാരിയുമായ ഷിബു സോറൻ ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ അന്തരിച്ചു. 81 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറെ ആഴ്ചകളായി ആശുപത്രിയിൽ ആയിരുന്നു.
“ആദരണീയ ഗുരു നമ്മെയെല്ലാം വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി” എന്നാണ് ഷിബു സോറന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ മരണവാർത്ത പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്.
‘ഗുരുജി’ എന്നറിയപ്പെടുന്ന സോറൻ, പ്രത്യേക ജാർഖണ്ഡ് സംസ്ഥാനത്തിനായുള്ള പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു. ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അവകാശങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ചു. ആദിവാസി ജനതയുടെ അഭിലാഷങ്ങളുമായി ആഴത്തിൽ ഇഴചേർന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര. പതിറ്റാണ്ടുകളായി അദ്ദേഹം സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന ശക്തിയായിരുന്നു.