34.2 C
Saudi Arabia
Thursday, August 21, 2025
spot_img

കന്യാസ്ത്രീകളുടെ അറസ്റ്റ്, ദമ്മാം ഒഐസിസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ദമ്മാം: ഛത്തീസ്ഗഢിൽ കള്ള കേസിൽ കുടുക്കി സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ, ഈസ്റ്റേൺ പ്രോവിൻസ് ഒഐസിസി യുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദമ്മാം ബദർ അൽറാബി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി നടന്ന സമ്മേളനം ആക്ടിംഗ് പ്രസിഡൻറ് വിൽസൻ തടത്തിലിൻ്റ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

ആർ എസ് എസ് പ്രവർത്തനം നൂറ് വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ ഇന്ത്യ ഒരു തീവ്ര മതരാഷ്ട്രമാക്കുവാൻ വേണ്ടിയുള്ള ഫാസിസ്റ്റ് അജണ്ടയാണ് ചത്തീസ്ഗഢിൽ നടപ്പിലാക്കുവാൻ ശ്രമിച്ചത് എന്ന് ബിജു കല്ലുമല്ല കുറ്റപ്പെടുത്തി. ക്രിസ്ത്യൻ മിഷണറിമാർ വർഷങ്ങളായി ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലും, ആതുരസേവന രംഗത്തും ചെയ്തു കൊണ്ടിരിക്കുന്ന നിസ്വാർത്ഥ സേവനങ്ങളെ വക്രീകരിച്ചു അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് പ്രതിലോമ ശക്തികൾ നാട്ടിലുടനീളം നടത്തുന്നത്.

ന്യൂനപക്ഷങ്ങൾ രാജ്യത്ത് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങൾ കഴിഞ്ഞ പത്ത് വർഷങ്ങളായി വർദ്ധിച്ച് വരികയാണ്. ലോകം മുഴുവൻ സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ ഇത് വരെ സമയം കിട്ടിയിട്ടില്ല. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണ് രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നത്.മണിപ്പൂരിലും ഉത്തരേന്ത്യയുടെ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അക്രമണങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ്. വിഷയത്തെ സി പി എമ്മും ബി ജെ പിയും കൈകാര്യം ചെയ്ത വിധം അൽപ്പത്തരമായിരുന്നു. സംസ്ഥാനത്തെ നിരപരാധികളെ ജയിലിൽ അടച്ചതിൽ, കൂട്ടായി എന്ത്‌ നടത്താനാകും എന്ന ഒരു ശ്രമവും സംസ്ഥാന സർക്കാർ നടത്തിയില്ല.

ഛത്തീസ്ഗഡിലേതുപോലെ തൃശൂരിൽ 2021 സെപ്തംബറിൽ മനുഷ്യക്കടത്ത് ആരോപിച്ച് സമാന രീതിയിൽ എടുത്ത കേസിൽ രണ്ടു കന്യാസ്ത്രീകളടക്കം അഞ്ചുപേരെ വിചാരണ കൂടാതെ കോടതി കുറ്റവിമുക്തരാക്കിയത് കഴിഞ്ഞ ദിവസമാണ്. സംഭവം നടന്ന് നാലുവർഷത്തിനു ശേഷം വിചാരണ നടത്താൻ തക്ക തെളിവുകളില്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് പ്രതിപ്പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കിയത്. കേരള സർക്കാർ നടത്തിയ ജനാധിപത്യ വിരുദ്ധത ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ബിജു കല്ലുമല പറഞ്ഞു

ഈസ്റ്റേൺ പ്രോവിൻസ് ഓഡിറ്റർ ബിനു പി ബേബി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഒഐസിസി മുൻ ഗ്ലോബൽ ഉപാദ്ധ്യക്ഷൻ സി അബ്ദുൽ ഹമീദ്, നാഷണൽ സെക്രട്ടറി നസീർ തുണ്ടിൽ, ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡൻ്റ് ഷിജില ഹമീദ്, ഓർത്തഡോക്സ് സഭാ പ്രതിനിധി ജോർജ്ജ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. നേതാക്കളായ ഷംസ് കൊല്ലം, നൗഷാദ് തഴവ, ജേക്കബ്ബ് പാറയ്ക്കൻ, അൻവർ വണ്ടൂർ, നിഷാദ് കുഞ്ചു, മനോജ് കെ.പി, യഹിയ കോയ, തോമസ് തൈപ്പറമ്പിൽ, ഗഫൂർ വണ്ടൂർ, ശ്യാം പ്രകാശ്, അൻവർ സാദിഖ്, സുരേഷ് റാവുത്തർ, ആനിപോൾ, സുരേന്ദ്രൻ പയ്യന്നൂർ, റോയ് വർഗീസ്, ഷാജിദ് കാക്കൂർ, ജോജി ജോസഫ്, ഹമീദ് മരക്കാശ്ശേരി, ജലീൽ പള്ളാതുരുത്തി, ഇബ്രാഹിം സാബു, മുരളീധരൻ, ഷിബു ശ്രീധരൻ, സലീന ജലീൽ എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles