റിയാദ്: സൗദിയിൽ അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെ നടപടിയുമായി സൗദി ട്രാഫിക് വിഭാഗം. അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രമേ ഇനി മുതൽ ഹോൺ മുഴക്കാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവർക്ക് 150 മുതൽ 300 റിയൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
നഗരപ്രദേശങ്ങളിൽ ഹോൺ മുഴക്കുന്നത് ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പുകൾ നൽകാൻ വേണ്ടി മാത്രമാണ് ഹോൺ ഉപയോഗിക്കേണ്ടത്. മറ്റുള്ളവർക്ക് പ്രയാസമുണ്ടാവുന്ന രീതിയിൽ ഹോൺ കൈകാര്യം ചെയ്യരുതെന്നും അധികൃതർ അഭ്യർഥിച്ചു.
നിരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിടുന്നത് നിയമലംഘനമാണെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. കാരണങ്ങളില്ലാതെ മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുംവിധം വാഹനം ബ്രേക്കിടുന്നതിന് 500 റിയാൽ വരെ പിഴ നൽകേണ്ടിവരും. ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.