ന്യൂഡൽഹി: മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ആറുമാസം നീണ്ട പ്രയത്‌നമെടുത്താണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തട്ടിപ്പ് കണ്ടെത്തിയതെന്നും ഇതിനായി ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിലെ മഹാദേപുര മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം വോട്ട് മോഷണം നടത്തിയതായി രാഹുൽ പറഞ്ഞു. ഇവിടെ 33,000 വോട്ടിനാണ് ബിജെപി ജയിച്ചത്.
ചില തെരെഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങളെ ഞെട്ടിച്ചു. അസാധാരണ പോളിംഗായിരുന്നു മഹാരാഷ്ട്രയിൽ നടന്നത്. അഞ്ച് മാസത്തിനിടയിൽ ഒരു കോടി വോട്ടർമാരെയാണ് മഹാരാഷ്ട്രയിൽ പുതുതായി ചേർത്തത്.
പോളിംഗ് സമയം അഞ്ച് കഴിഞ്ഞപ്പോൾ പല സ്ഥലങ്ങളിലും പോളിംഗ് ശതമാനം കുതിച്ചുയർന്നു. മഹാരാഷ്ട്രയിൽ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും വോട്ടർപട്ടിക നൽകിയില്ല. 45 ദിവസങ്ങൾ പിന്നിട്ടപ്പോൾ സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷൻ പലതും ഒളിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒരാൾക്ക് ഒരു വോട്ട് എന്ന ഭരണഘടാപരമായ അവകാശം എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിക്കണം. ഒരു ലോക്‌സഭാ മണ്ഡലത്തിലെ മാത്രം വോട്ടർപട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ ഒന്നര ലക്ഷം പേരും വ്യാജന്മാരെന്ന് കണ്ടെത്തി.
ഇത്തരം തട്ടിപ്പിലൂടെ നേടിയ വിജയത്തിലൂടെയാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി സർക്കാരുണ്ടാക്കിയത്. 2014 മുതൽ തന്നെ രാജ്യത്തെ തെരെഞ്ഞടുപ്പ് സംവിധാനങ്ങളിൽ എന്തോ കുഴപ്പങ്ങൾ സംഭവിക്കുന്നുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പല വോട്ടർമാർക്കും വീട്ടുനമ്പർ പോലുമില്ല. വീട്ടുനമ്പർ പൂജ്യം എന്നാണ് പലതിലും കാണുന്നത്. വോട്ടർ പട്ടികയിലെ വിലാസത്തിൽ ഒരു മുറിയിൽ മാത്രം 80 പേർ കഴിയുന്നതായി കാണാം. മറ്റൊരു മുറിയിൽ 46 പേർ താമസിക്കുന്നതായി രേഖകൾ കാണുന്നു. ഇവരെ ആർക്കും അറിയില്ല. കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ 40,009 തെറ്റായ വിലാസങ്ങളാണ് കണ്ടെത്തിയത്.
ഒരു വിലാസത്തിൽ മാത്രം 10,452 വോട്ടർമാരുണ്ട്. തെരെഞ്ഞെടുപ്പ് കമ്മീഷൻറെ ചില പട്ടികകളിൽ വോട്ടർമാരുടെ ഫോട്ടോ ഇല്ല. തിരിച്ചറിയാനാകാത്ത വിധത്തിലുള്ള ചെറിയ രീതിയിലുള്ള ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ട്. 33,000 പേർ ഒരു മണ്ഡലത്തിൽ രണ്ടുതവണ വോട്ടു ചെയ്‌തു. ഒരു ബിയർ പാർലറിൻറെ വിലാസത്തിൽ 68 പേർക്കാണ് വോട്ടുകളുള്ളത് രാഹുൽ ഗാന്ധി പറഞ്ഞു.