ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക തട്ടിപ്പ് ആരോപണം ചർച്ചയാക്കാൻ ഇന്ത്യ സഖ്യത്തിൻറെ തീരുമാനം. 300 എംപിമാരുടെ നേതൃത്വത്തിൽ നാളെ തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഓഫീസിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11.30ന് ആരംഭിക്കുന്ന മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മാർച്ചിന് ശേഷം നേതാക്കൾ തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വിഷയത്തിൽ വ്യത്യസ്‌ത ഭാഷകളിൽ പ്ലക്കാർഡുകൾ നേതാക്കൾ ഉയർത്തും. ഇന്ത്യ സഖ്യത്തിലെ കക്ഷികൾ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്തിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ ഇന്ത്യ സഖ്യത്തിന് വലിയ ഊർജ്ജമാണ് നൽകുന്നത്. സഖ്യം എംപിമാർക്ക് മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. വിരുന്നിൽ പുതിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
മഹാരാഷ്ട്രയിൽ അഞ്ചു വർഷം കൊണ്ട് ചേർക്കുന്നതിലും കൂടുതൽ വോട്ടുകൾ അഞ്ചു മാസം കൊണ്ട് ചേർത്തെന്നും കർണാടകയിലും ഹരിയാനയിലും തെരെഞ്ഞെടുപ്പ് തീയതി മാറ്റിയതിലും സംശയമുണ്ടെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിംഗ് കുതിച്ചുയർന്നതും 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നതും 45 ദിവസം കൊണ്ട് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും സംശായാസ്പദമാണ്. ദൃശ്യങ്ങൾ നശിപ്പിച്ചത് തെളിവുകൾ നശിപ്പിക്കുന്നതിൻറെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് വോട്ട് മോഷിടിക്കുന്നുവെന്നും ഹരിയാനയിലും ഇത് ആവർത്തിച്ചുവെന്നും രാഹുൽ പറഞ്ഞിരുന്നു. ഞാൻ പറയുന്നതിനെ കുറിച്ചെല്ലാം തെരെഞ്ഞടുപ്പ് കമ്മീഷന് വ്യക്തമായി അറിയാമെന്നും അവർ തനിക്കെതിരെ നടപടി എടുക്കില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.