27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം; യൂറോപ്പിലുടനീളം ബഹുജന റാലികൾ

ലണ്ടൻ: ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് യൂറോപ്പിലുടനീടം ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടത്തി. ശനിയാഴ്ച യൂറോപ്പിലുടനീളമുള്ള നഗരങ്ങളിൽ ലക്ഷക്കണക്കിന് പ്രകടനക്കാർ മാർച്ചിൽ അണിനിരന്നു. ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് അനിയന്ത്രിതമായി മാനുഷിക സഹായം എത്തിക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.

“ഗാസയെ പട്ടിണിയിലാക്കുന്നത് നിർത്തുക” എന്ന പ്രമേയത്തിൽ ലണ്ടനിൽ നടന്ന ഫലസ്തീനിനായുള്ള 30-ാമത് ദേശീയ മാർച്ചിൽ പ്രതിഷേധക്കാർ പങ്കുചേർന്നു. ഫലസ്തീൻ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും റസ്സൽ സ്ക്വയറിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയ പ്രകടനക്കാർ വംശഹത്യ എന്ന് വിശേഷിപ്പിച്ചതിൽ ബ്രിട്ടീഷ് സർക്കാർ പങ്കാളിയാണെന്ന് ആരോപിച്ചു. ഗാസയിലെ “ഇസ്രായേലിന്റെ പട്ടിണി നയത്തിനെതിരെ” നടപടിയെടുക്കാൻ പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ ഉൾപ്പെടെയുള്ള സംഘാടകർ യുകെയോട് ആവശ്യപ്പെട്ടു.

സ്റ്റോക്ക്ഹോമിൽ, ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളെയും ഇസ്രായേലിനുള്ള യുഎസ് പിന്തുണയെയും അപലപിക്കാൻ നൂറുകണക്കിന് പേർ ഓഡൻപ്ലാനിൽ ഒത്തുകൂടി. ആക്രമണങ്ങളെ അപലപിക്കുന്ന പ്ലക്കാർഡുകളുമായി പ്രകടനക്കാർ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. വ്യാപകമായി എതിർക്കപ്പെട്ട പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധിനിവേശ പദ്ധതിക്ക് വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആംസ്റ്റർഡാമിലെ തെരുവുകളിലും പ്രതിഷേധക്കാർ നിറഞ്ഞു. അതേസമയം, മാഡ്രിഡ് ഉൾപ്പെടെയുള്ള സ്പെയിനിലെ റാലികളിൽ ജനക്കൂട്ടം “വംശഹത്യ അവസാനിപ്പിക്കുക” എന്ന് ആക്രോശിക്കുകയും ഗാസയിലെ പട്ടിണിയിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ കലങ്ങളും ചട്ടികളുമുയർത്തുകയും ചെയ്തു.

ജനീവയിൽ, ആയിരക്കണക്കിന് ആളുകൾ ജാർഡിൻ ആംഗ്ലൈസിൽ ഒത്തുകൂടി, ഇസ്രായേലി ആക്രമണങ്ങൾക്കും ഉപരോധത്തിനുമെതിരെ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി ഭാഷകളിൽ കുത്തിയിരിപ്പ് സമരം നടത്തി. പലരും ഫലസ്തീൻ പതാകകൾ വീശി ഇസ്രായേലിനുള്ള അന്താരാഷ്ട്ര പിന്തുണയിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാനുഷിക സഹായം ലഭിക്കാൻ ശ്രമിക്കുന്നതിനിടെ 21 പലസ്തീനികൾ കൊല്ലപ്പെടുകയും 341 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു, മെയ് 27 മുതൽ ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ആകെ എണ്ണം 1,743 ആയി.

മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നതിനനുസരിച്ച് 98 കുട്ടികൾ ഉൾപ്പെടെ 212 പേർ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ ഉണ്ടാക്കിയ വെടിനിർത്തലും തടവുകാരുടെ കൈമാറ്റ കരാറും ലംഘിച്ച് മാർച്ച് 18 ന് ഇസ്രായേൽ ഗാസയിൽ സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു. അതിനുശേഷം, ഗാസ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് 9,862 പേർ കൊല്ലപ്പെടുകയും 40,809 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ, യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗാസയിലെ സൈനിക നടപടിയുടെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ കേസ് നേരിട്ടുകൊണ്ടിരിക്കുന്നയാണ്.

Related Articles

- Advertisement -spot_img

Latest Articles