റിയാദ്: ഫലസ്‌തീൻ ജനതക്ക് സമാധാന ജീവിതം സാധ്യമാവുന്നതിന് ഐസിഎഫ് റീജിണൽ തലങ്ങളിൽ നാളെ പ്രാർത്ഥന സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയ സഹചര്യത്തിലാണ് ഐസിഎഫ് പ്രാർഥനസംഗമംസംഘടിപ്പിക്കുന്നത്. ഗാസയിൽ വംശഹത്യാ പദ്ധതി നടപ്പാക്കിയാണ് സയണിസ്റ്റ് സൈന്യം ഇപ്പോൾ മുന്നോട്ട് പോവുന്നത്.
കണ്ണു കുഴിഞ്ഞ, വയറൊട്ടിയ, എല്ലുന്തിയ, ഓരോ നിമിഷവും വിശപ്പിന്റെ മരണവേദനയിൽ നിലവിളിക്കുന്ന കുഞ്ഞുങ്ങളാണ് ഗാസയിൽ കാണുന്നത്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കരാറുകളും ലംഘിച്ച് കഴിഞ്ഞ 22 മാസമായി ഇസ്രായേൽ ഗാസയിൽ ആക്രമണം തുടരുകയാണ്. തുടരുന്ന നരഹത്യയും ഉപരോധവും മൂലം ഇതുവരെ 65,000 ത്തോളം പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പട്ടിണിമൂലം മാത്രം മരണപ്പെട്ടത് 193 പേരാണ്.
ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഇസ്രായേൽ ഗാസയിൽ ചെയ്‌തുകൂട്ടുന്നത്. സർവവും നഷ്ടപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്കും, മുഴുപട്ടിണിയിൽ ഭക്ഷണപ്പൊതികൾക്ക് കാത്തുനിൽക്കുന്നവർക്കും നേരെ വെടിയുതിർക്കുന്ന ക്രൂരതയാണ് ഗാസയിൽ കാണുന്നത്. പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാതെ ദയനീയമായി അവർ സമൂഹത്തെ നോക്കുകയാണ്.
ഗാസ നിവാസികളുടെ ക്ഷേമത്തിനും ഗാസയിൽ സമാധാനം പുലരുന്നതിനും വേണ്ടി തിങ്കളാഴ്ച എല്ലാ റീജിണൽ തലങ്ങളിലും ഐസിഎഫ് പ്രാർഥന സംഗമങ്ങൾ സംഘടിപ്പിക്കുകയാണ്. പ്രാർഥനയുടെ മുന്നോടിയായി സുകൃതങ്ങൾ ചെയ്യുന്നതിൻറെ ഭാഗമായി തിങ്കളാഴ്ച നോമ്പ് അനുഷ്ഠിക്കുന്നതിനും പ്രവർത്തകർക്ക് നിർദേശം നൽകിയതായി ഐസിഎഫ് നാഷണൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി മുക്കം, സെക്രട്ടറി സിറാജ് കുറ്റിയാടി, തസ്‌കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് എന്നിവർ അറിയിച്ചു.