
കേരളത്തിൽനിന്ന് ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും തേടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് ഓരോ വർഷവും വിവിധ സ്വപ്നങ്ങളുമായി നാടുവിടുന്നത്. എന്നാൽ, അവസരം മുതലെടുത്ത് മനുഷ്യക്കടത്ത് സംഘങ്ങളും തട്ടിപ്പുകാരും നമ്മുടെ യുവതയെ കെണിയിൽ വീഴ്ത്തുന്ന സംഭവങ്ങളും വർദ്ധിച്ചുവരുന്നു. ഓൺലൈനിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇവർ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചും അവയിൽനിന്ന് സ്വയം എങ്ങനെ രക്ഷിക്കാമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിൽ മനുഷ്യക്കടത്ത് ഒരു യാഥാർത്ഥ്യമാണ്. 2022-2023 വർഷങ്ങളിൽ 519 പേരാണ് മനുഷ്യക്കടത്തിന് ഇരയായത്. ഇതിൽ 236 പേർ കുട്ടികളായിരുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ജോലിയോ, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളോ വാഗ്ദാനം ചെയ്താണ് കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത്. ഇങ്ങനെ കടത്തികൊണ്ടുപോകുന്ന കുട്ടികളെ പിന്നീട് വീട്ടുവേലയ്ക്കും മറ്റ് തൊഴിലുകൾക്കും ഉപയോഗിക്കുകയും, ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ ലഭ്യമാകുന്നത് ചൂഷണം എളുപ്പമാക്കുന്നു. കേരള പോലീസിൻ്റെ ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇത്തരം കേസുകൾ തടയാൻ ഊർജ്ജിതമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, നാം ഓരോരുത്തരും വ്യക്തിപരമായ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
ഓൺലൈൻ റിക്രൂട്ട്‌മെന്റ് പോർട്ടലുകളും സോഷ്യൽ മീഡിയയും വഴിയാണ് തട്ടിപ്പുകാർ ഇരകളെ കൂടുതലായും കണ്ടെത്തുന്നത്. ഉയർന്ന ശമ്പളം, കുറഞ്ഞ ജോലി സമയം, എളുപ്പത്തിൽ വിദേശത്തേക്ക് പോകാനുള്ള സൗകര്യം തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി ഇവരെ കെണിയിൽ വീഴ്ത്തുന്നു.
വിദേശ രാജ്യങ്ങളായ മ്യാൻമാർ, കംബോഡിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഉയർന്ന ശമ്പളമുള്ള ഐടി ജോലികൾ വാഗ്ദാനം ചെയ്ത് കൊണ്ടുപോയി സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്ന സംഭവങ്ങൾ വ്യാപകമാണ്. പഠനവിസയിൽ കൊണ്ടുപോയി പിന്നീട് നിർബന്ധിത തൊഴിലുകൾ ചെയ്യിക്കുകയും, സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശപഠനം സ്വപ്നം കാണുന്നവർക്ക് പലപ്പോഴും വ്യാജ കൺസൾട്ടൻസി സ്ഥാപനങ്ങളുടെയും തട്ടിപ്പുകാരുടെയും കെണികൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നു.
മികച്ച ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക ഫീസായി വാങ്ങുകയും വിസ ലഭിക്കാതെ വരുമ്പോൾ മുങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകി നിയമക്കുരുക്കുകളിൽ അകപ്പെടുത്തുന്ന സംഘവും പഠനശേഷം മികച്ച ജോലി വാഗ്ദാനം ചെയ്ത്, പിന്നീട് തുച്ഛമായ ശമ്പളത്തിൽ കഠിനമായ ജോലികൾ ചെയ്യിക്കുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് പ്രധാനമായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. വിദേശപഠനത്തിനായി വലിയ തുക വിദ്യാഭ്യാസ വായ്പയെടുക്കുന്ന വിദ്യാർത്ഥികൾ തട്ടിപ്പുകളിൽ കുടുങ്ങുമ്പോൾ അവരുടെ ഭാവിയാണ് ഇരുട്ടിലാകുന്നത്.