റിയാദ്: നീതി സ്വതന്ത്രമാവട്ടെ എന്ന പ്രമേയത്തിൽ ഐസിഎഫ് റീജിണൽ തലങ്ങളിൽ പൗരസഭകൾ സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്‌ത് 15 നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പൊതു സമ്മേളനം, ടേബിൾ ടോക്ക്, സംവാദം, പാനൽ ഡിസ്കഷൻ തുടങ്ങി വൈവിധ്യപൂർവ്വമായ പരിപാടികളാണ് പൗരസഭയോടനുബന്ധിച്ച് നടക്കുന്നത്.
എല്ലാവർക്കും തുല്യനീതി എന്ന അടിസ്ഥാന വിഷയമാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐസിഎഫ് ചർച്ച ചെയ്യുന്നത്. നീതി ഓരോ പൗരന്റെയും മൗലികാവകാശമാണ്. വിവേചനരഹിതമായി എല്ലാവർക്കും ഒരുപോലെ നീതി ലഭിക്കുമ്പോഴെ സ്വാതന്ത്ര്യം എന്നത് അർത്ഥപൂർണ്ണമാവുകയുള്ളുവെന്ന് നേതാക്കൾ അറിയിച്ചു.
ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നീ ആശയങ്ങള്‍ മാനിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക ക്രമം ഇനിയും ഇന്ത്യയിൽ ഉണ്ടായി വരേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഐസിഎഫിന്റെ സ്വാതന്ത്ര്യദിന പരിപാടികൾ വിരൽ ചൂണ്ടുന്നത്. റീജിണൽ തലങ്ങളിൽ നടക്കുന്ന പരിപാടികളിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിക്കുമെന്നും ഐസിഎഫ് നാഷണൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി മുക്കം, നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ഡെപ്യൂട്ടി പ്രസിഡൻറ് മുജീബ് എ ആർ നഗർ, മീഡിയ സെക്രട്ടറി മഹമൂദ് സഖാഫി എന്നിവർ അറിയിച്ചു.