ന്യൂഡൽഹി: വോട്ടർ ലിസ്റ്റിലെ ക്രമക്കേടുകൾ ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണനങ്ങൾക്ക് മറുപടി പറയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേട് വിളിച്ചറിയിക്കുന്നതായിരുന്നു പത്രസമ്മേളനമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്.
രാഹുൽ ഉന്നയിച്ച ഒരു ചോദ്യത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞില്ല. തെരെഞ്ഞെടുപ്പ് കമ്മീഷന് ഭരണപക്ഷമോ പ്രതിപക്ഷമോ ഒന്നില്ലെന്ന പരാമർശം വലിയ തമാശയാണ്. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ നിന്നും കമ്മീഷൻ ഒളിച്ചോടുകയായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും തള്ളിയിരുന്നു. വോട്ട് കൊള്ള എന്ന ആരോപണം തന്നെ തെറ്റാണെന്നും വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനിവാദമില്ലാതെ പുറത്തുവിട്ടതിലൂടെ രാഹുൽ ഗാന്ധി അവരുടെ സ്വകാര്യത ലംഘിച്ചെന്നും കമീഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ആരോപണം ഭരണഘടനയെ ലംഘിക്കുന്നതാനെന്നും ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം തെളിവുകൾ നൽകി സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തോട് മാപ് പറയണമെന്നും മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപെട്ടിരുന്നു.