റിയാദ്: പ്രതിരോധ സഹമന്ത്രിയുൾപ്പടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ പദവികളിൽ നിന്നും നീക്കി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്. ഇത് സംബന്ധിച്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
രാജ്യത്തിൻറെ അടിസ്ഥാന ഭരണനിയമത്തിനും മന്ത്രിമാർ, ഡെപ്യൂട്ടി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ അനുസരിച്ച് തലാൽ ബിൻ അബ്ദുല്ല, ബിൻ തുർക്കി അൽ ഒതൈബിയെ പ്രതിരോധ സഹമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി പ്രസ്‌താവനയിൽ റോയൽ കോർട്ട് അവതരിപ്പിച്ചു.
ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന്റെ തലവൻ മുഹമ്മദ് ബിൻ ഹമദ് അൽ മധിയെ സ്ഥാനത്ത് നിന്ന് നീക്കിയതായും റോയൽ കോർട്ട് മറ്റൊരു പ്രസ്‌താവനയിൽ അറിയിച്ചു. മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയേറ്റിലെ ഉപദേഷ്ടാവ് ഗസ്സാൻ ബിൻ അബ്ദുറഹ്മാൻ അൽ ഷിബിലിനെയും സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി മൂന്നാമത്തെ പ്രസ്‌താവനയിൽ റോയൽ കോർട്ട് പറഞ്ഞു.