കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ചികിത്സക്കെത്തിയ പതിനാറുകാരിയെ ഡോക്ടർ പീഡിപ്പിച്ചു. ആയുർവേദ ഡോക്ടർ മാഹി സ്വദേശി കല്ലാട്ട് ശ്രാവണൻ (25) ആണ് പിടിയിലായത്.
അറസ്റ്റിനെ തുടർന്ന് ഡോക്ടറെ ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തതായി അധികൃതർ വ്യക്തമാക്കി. ശ്രാവണൻ വൈദ്യ പഠനം പൂർത്തിയാക്കിയിരുന്നില്ലെന്നും ആശുപത്രിയിൽ തെറാപ്പിസ്റ്റായാണ് ജോലി ചെയ്‌തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതർ ഇയാൾ സ്ഥിരം ജോലിക്കാരനായിരുന്നില്ലെന്നും പറഞ്ഞു.
അമ്മയോടൊപ്പം ചികിത്സക്കെത്തിയ വിദ്യാർഥിനിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. നാദാപുരം തലശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വെച്ചാണ് പീഡനം നടന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പെൺകുട്ടി നാദാപുരം പോലീസിൽ പരാതി പറഞ്ഞത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.