റിയാദ്: സമാധാനം സ്ഥാപിക്കാനുള്ള സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്രിയാത്മക ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചു. ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ ഉറച്ച നിലപാടിനെയും പുടിൻ അഭിനന്ദിച്ചു. സൗദി കിരീടാവകാശിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻറെ പ്രതികരണം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള തന്റെ സമീപകാല ചർച്ചകളുടെ ഫലത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റിനോട് കിരീടാവകാശി വിശദീകരിച്ചു. നയതന്ത്ര സംഭാഷണത്തിലൂടെയാണ് അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിന് പരിഹാരം കാണേണ്ടതെന്നാണ് രാജ്യത്തിൻറെ താൽപര്യമെന്ന് കിരീടാവകാശി ഓർമ്മിപ്പിച്ചു.
സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി സഹകരണ മേഖലകളെക്കുറിച്ചും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.