ദമ്മാം: “കൊള്ളയടിക്കപ്പെടുന്ന വോട്ടുകൾ, അട്ടിമറിക്കപ്പെടുന്ന ജനവിധികൾ” എന്ന തലക്കെട്ടിൽ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് തൃശൂർ ജില്ലാ കമ്മിറ്റി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ദമ്മാം ബദ്ർ അൽറാബി ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ആക്ടിംഗ് ജില്ലാ പ്രസിഡന്റ് സഗീർ കരുപ്പടന്നയുടെ അദ്ധ്യക്ഷതയിൽ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ആക്ടിംഗ് പ്രസിഡന്റ് വിൽസൺ തടത്തിൽ ഉത്‌ഘാടനം ചെയ്തു. ഇലക്ഷൻ കമ്മീഷൻ്റെ പിന്തുണയോടെ വോട്ടർ പട്ടികയിലും ഇ.വി.എമ്മിലും നടത്തുന്ന കൃത്രിമത്തിന് മറയിടാൻ ആർ.എസ്.എസ്സും ബി.ജെ.പിയും വ്യാജ പ്രതീതികൾ പടച്ചുവിടാറുണ്ട്. അതിൽ മുഖ്യമായ ഒന്നാണ് മോഡിയും അമിത് ഷായും യോഗിയുമെല്ലാം ചേർന്ന് വർഗീയത തുപ്പുന്ന പരിപാടി. രാജ്യത്ത് ബി.ജെ.പി വർഗീയ ധ്രുവീകരണം ഉണ്ടാക്കിയാണ് വിജയിക്കുന്നത് എന്ന് സ്ഥാപിക്കലാണ് ഇതിൻ്റെ ലക്ഷ്യം. ഉത്തരേന്ത്യൻ ജനത പെട്ടന്ന് വർഗീയ വിഭജനത്തിന് വിധേയപ്പെടുന്നു എന്നും ഇതിലൂടെ വരുത്തിത്തീർക്കുന്നു. ഇതിലൊക്കെയും വലിയൊരളവിൽ പ്രതിപക്ഷ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും വീണ് പോവുന്നു. എന്നാൽ, ഇത്തരം വ്യാജ പ്രതീതി പടർത്തുന്നതിൽ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് പാർട്ടിയും വീണു പോയില്ല എന്നതാണ് വോട്ട് ചോരി വെളിപ്പെടുത്തൽ . ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചു നീതിയുക്തവുമായ ഒരു ഭരണസംവിധാനത്തിനായി രാഹുൽ ഗാന്ധിക്കൊപ്പം ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല മുഖ്യ പ്രഭാഷണം നടത്തി. വോട്ട് ചോരിയിലൂടെ മഞ്ഞുമലയുടെ മുകൾ മാത്രമെ പ്രത്യക്ഷമായി തുടങ്ങിയിട്ടുള്ളൂ എങ്കിലും, അത്രയും വെളിപ്പെട്ടപ്പോഴേക്കും ഇതിനകം രാജ്യം അകപ്പെട്ടു കഴിഞ്ഞ രാഷ്ട്രീയവും നൈതികവുമായ മൂല്യച്ചുതിയുടെ ആഴങ്ങൾ വളരെ വലുതാണ്. ഇലക്ഷൻ കമ്മീഷൻ മുതൽ താഴെ ബൂത്ത് തലത്തിലുള്ള ഉദ്യോഗസ്ഥർ വരെ ഭാഗഭാക്കായ വോട്ട് കൊള്ള, പൊതു ഖജനാവിൻ്റെ ചെലവിൽ ഹിന്ദു രാഷ്ട്രയെ സ്ഥാപിച്ചെടുക്കുന്ന ആർ.എസ്.എസിൻ്റെ കുശാഗ്രബുദ്ധിയാണ്. ഈ തിരിച്ചറിവ് ഏതെങ്കിലും പുകപടലത്തെ ആശ്രയിച്ചോ ആസ്പദമാക്കിയോ ഉള്ളതല്ല, വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവഗതികൾ വ്യാജ സർക്കാരാണ് നാട് ഭരിക്കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
രാഹുൽ ഗാന്ധി രാഷ്ട്രത്തെ പിടിച്ചുലച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടും, ഇതിലെ ഒന്നാമത്തെ പ്രതിസ്ഥാനത്ത് നിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ന്യായവും പൊതുജന സമക്ഷം വെക്കുവാൻ ഇത് വരെയും കഴിഞ്ഞിട്ടില്ല. ഗതികെട്ട് അവർ നടത്തിയ യാന്ത്രികമായ പത്രസമ്മേളനം, പുറത്ത് വന്നു കൊണ്ടിരിക്കുന്ന വസ്തുതകൾ സത്യമാണെന്ന് നാടിനെ ബോധ്യപ്പെടുത്തി. ആരോപണ വിധേയനായ ഒരു സാധാരണ വ്യക്തിയുടെ കാര്യത്തിൽ പോലും അയാളുടെ പക്ഷത്ത് എന്തെങ്കിലും ഒരനുകൂല കച്ചിത്തുരുമ്പുണ്ടെങ്കിൽ അത് കൊണ്ടൊരു മറ പിടിക്കാനുള്ള ശ്രമമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, ഇവിടെ ഈ ഭരണഘടന പ്രസ്ഥാനം തങ്ങളുടെ പക്ഷത്തെ ന്യായീകരിക്കാൻ ഒന്നും കിട്ടാതെ വിയർക്കുകയാണ്. ആരോപണങ്ങളുടെ നിജസ്ഥിതി എന്തെന്നതിൻ്റെ വിശദീകരണത്തിലേക്ക് ഒരു എക്സിക്യൂട്ടീവ് സംവിധാനത്തിന് ചേരും വിധം കടക്കാതെ സോഷ്യൽ മീഡിയ ഗുണ്ടകളെ പോലെ വോട്ട് കൊള്ള പുറത്തു കൊണ്ടുവന്ന രാഹുലിനെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇലക്ഷൻ കമ്മീഷൻ എന്ന ഭരണഘടന സ്ഥാപനം ചെയ്യുന്നത്.
വ്യാജ പ്രതീതി സൃഷ്ടിച്ച് വോട്ട് കൊള്ള നടത്തിയാണ് തൃശൂർ അട്ടിമറിച്ചത്.കാസയുടെ പ്രചാരണത്തിൽ കുടുങ്ങി തൃശൂർ നിയോജക മണ്ഡലത്തിലെ ക്രിസ്തീയരാകെ സുരേഷ് ഗോപിക്ക് വോട്ടു നൽകി എന്നു പ്രചരണം ഉണ്ടായി. അങ്ങനെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് കൊണ്ട് പോയി വോട്ടു കൊട്ടിക്കൊടുക്കാൻ മാത്രം ആ സമുദായം അധപതിച്ചിട്ടുമില്ല എന്നത് യഥാർത്ഥ്യമാണ്. ഗവൺമെൻ്റ് പിന്തുണയോടെ തൃശൂർ പൂരം കലക്കിയത് പോലും, പൂരം കലക്കിയതിൻ്റെ പേരിൽ ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെട്ടതിനാൽ അവരിൽ നിന്ന് നല്ലൊരു വിഭാഗം ബി.ജെ.പിക്ക് വേണ്ടി ഉണർന്നു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു. വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചും പതിനായിരക്കണക്കിന് കളള വോട്ടുകൾ ചേർത്തുമുള്ള യഥാർഥ വോട്ട് അട്ടിമറിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്താതിരിക്കാൻ, ക്രിസ്തീയ വോട്ടുകളും ഹിന്ദുവോട്ടുകളും ചില കാരണങ്ങളാൻ ബി.ജെ.പിക്ക് അനുകൂലമായി മറിഞ്ഞതായി സ്ഥാപിക്കലായിരുന്നു ഈ വ്യാജ പ്രതീതികൾ സൃഷ്ടിക്കലിൻ്റെ ഒരേയൊരുദ്യേശ്യം. ഇതിൽ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രിയ കക്ഷികളും വീണ് പോയിട്ടുമുണ്ട്.
കഴിഞ്ഞ് ആറുമാസങ്ങളായി കഠിനാദ്ധ്വാനം നടത്തി, ഭീകരമായ ദേശവിരുദ്ധ അട്ടിമറിയെ ശക്തമായ തെളിവുകളോടെ രാജ്യസമക്ഷം രാഹുൽ ഗാന്ധി ഉർത്തിവിട്ട കൊടും കാറ്റ് നാടാകെ പടരുകയാണ്. ഇത് ജനകീയ കോടതിയിലേക്കാണ് പോവേണ്ടതെന്നും, തെരുവുകളിലാണ് ഈ വോട്ടുകള്ളൻമാർ വിചാരണ ചെയ്യപ്പെടേണ്ടതുമുള്ള ബോധ്യമാണ് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന “വോട്ടർ അധികാർ യാത്ര”. ആ യാത്രയ്ക്ക് ലഭിക്കുന്ന അഭൂത പിന്തുണ നാടിൻ്റെ പരിഛേദമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുലിനൊപ്പം അണിചേരുക എന്നതാണ് യഥാർത്ഥ രാജ്യസ്നേഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോബൽ മുൻ വൈസ് പ്രസിഡൻ്റ് സി അബ്ദുൽ ഹമീദ്, ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ജില്ലാ കമ്മിറ്റി മുൻ പ്രസിഡൻ്റ് ഷാജി മോഹനൻ, താജു അയ്യാരിൽ എന്നിവർ ആശംസ അറിയിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി മുരളീധരൻ സ്വാഗതവും, ജോബി കെ. ജെ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ ബെന്നി, അഷ്റഫ്,സിംല സഗീർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോവിൻസ് ട്രഷറർ പ്രമോദ് പൂപ്പാല മറ്റു നേതാക്കളായ സിറാജ് പുറക്കാട്, ജോൺ കോശി, അൻവർ വണ്ടൂർ, രാധികാ ശ്യാംപ്രകാശ്, മനോജ് കെ.പി, അൻവർ സാദിഖ്, ഗഫൂർ വണ്ടൂർ, ശ്യാംപ്രകാശ്, സലീന ജലീൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കിയാണ് പരിപാടി സമാപിച്ചത്.