തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഐ സംസ്ഥാന സമിതി അംഗമായിരുന്നു. തൊഴിലാളി സംഘടന പ്രവർത്തനത്തിലൂടെയാണ് നേതൃരംഗത്തേക്ക് വളർന്നത്. ഇടുക്കിയിലെ മലയോര മേഖലയിൽ തൊഴിലാളി പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിവരമറിഞ്ഞു ആശുപത്രിയിലെത്തി. മൃദദേഹം എംഎൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. വൈകുന്നേരം ഏഴുമുതലായിരിക്കും പൊതുദർശനം.
ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ നിന്നാണ് എംഎൽഎ ആയത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസിനെ 1835 വോട്ടിനായിരുന്നു പരാജയപ്പെടുത്തിയത്. വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻറ് എന്നെ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു, മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്.