ന്യൂഡൽഹി: ജിഎസ്‌ടി നിരക്ക് നാല് സ്ലാബുകളിൽ നിന്നും രണ്ടു സ്ലാബുകളിലാക്കി വെട്ടിച്ചുരുക്കാനായുള്ള കേന്ദ്ര സർക്കാർ ശുപാർശക്ക് മന്ത്രിസഭയുടെ അംഗീകാരം. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി 5, 18 സ്ലാബുകൾ മാത്രമാക്കി ചുരുക്കാനാണ് പുതിയ പരിഷ്ക്കാരം. ജിഎസ്‌ടി കൗൺസിൽ വിഷയം പഠിക്കുന്നതിന് നിശ്ചയിച്ചിരുന്ന ബീഹാർ ധനകാര്യ മന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിതല സമിതിയാണ് കേന്ദ്ര സർക്കാർ നിർദേശത്തിന് അംഗീകാരം നൽകിയത്. കേരള ധനമന്ത്രി ബാലഗോപാൽ, ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്രസിംഗ്, പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കർണാടക റവന്യു മന്ത്രി കൃഷ്ണ ഗൗഡ തുടങ്ങിയവരും സമിതിൽ അംഗങ്ങളാണ്.
സ്ലാബുകൾ മാറുമ്പോൽ അതിൽ ഉൾപ്പെട്ട സാധനങ്ങളുടെ വില കുറയും. സംസ്ഥാന ധനമന്ത്രിമാർ കൂടി അംഗങ്ങളായ ജിഎസ്‌ടി കൗൺസിൽ കൂടി അംഗീകാരം നൽകുന്നതോടെ പുതിയ ഘടന നിലവിൽ വരും. നിലവിൽ 12, 28 ശതമാനം നികുതിയുള്ള വസ്തുക്കൾ കുറഞ്ഞ സ്ലാബുകിളിലേക്ക് മാറും. സിഗരറ്റ്, പാൻമസാല അടക്കമുള്ളവയുടെ നികുതി 40 ശതമാനമായി തന്നെ തുടരും
ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് ജിഎസ്‌ടി ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നിർദേശവും മന്ത്രിതല സമിതി അവലോകനം ചെയ്‌തു. പ്രതിവർഷം ഏകദേശം 9700 കോടി രൂപയുടെ വരുമാന നഷ്‌ടം ഇതുവഴി സർക്കാരിനുണ്ടാകും. എങ്കിലും ഈ നിർദേശത്തോട് ഭൂരിപക്ഷം ധനമന്ത്രിമാരും അ നുകൂലമായാണ് പ്രതികരിച്ചത്.
സ്ലാബുകൾ മാറുമ്പോഴുള്ള സംസ്ഥാനങ്ങളുടെ ജിഎസ്‌ടി വിഹിതം, ഇതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടത്തിന്നുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച തർക്കങ്ങൾ കൗൺസിൽ പരിഗണിക്കുമെന്നും സമിതി വ്യക്തമാക്കി. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങളെക്കുറിച്ച് എല്ലാ ജിഎസ്‌ടി കൗൺസിൽ അംഗങ്ങളെയും അറിയിച്ചു. ചില സംസ്ഥാനങ്ങൾക്ക് ചില നിരീക്ഷണങ്ങളുണ്ട്. ഇത് ജിഎസ്‌ടി കൗൺസിലിന് അയച്ചിട്ടുണ്ട്. നഷ്ടപരിഹാര സെസ്, ആരോഗ്യം. ലൈഫ് ഇൻഷുറൻസ്, നിരക്ക് ഒഴിവാക്കൽ എന്നിവയും കൗൺസിൽ പരിഗണിക്കും. വരുമാന നഷ്ടം, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയെക്കുറിച്ചു വ്യക്തതയുണ്ടായിട്ടില്ലെന്ന് പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.