കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പിൽ കുമാരപ്പറ്റ സ്വദേശിയായ 55 കാരിക്കാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇവരുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
മലപ്പുറം ചേലേമ്പ്ര സ്വദേശിയായ 47 കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കടുത്ത പനിയടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 20 ദിവസമായി ചികിത്സയിലായിരുന്നു. സിഐഎസ്എഫ് പരിശോധനയിലാണ് രോഗബാധ അമീബിബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്
അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരിയിലെ ഒൻപത് കാരിയുടെ സഹോദരൻ ഏഴു വയസ്സുകാരൻ ഉൾപ്പടെ നാലുപേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇതിൽ മൂന്നുംകുട്ടികളാണ്. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസ്സുകാരിയും വെന്റിലേറ്ററിലാണ്.
വ്യാഴാഴ്‌ചയാണ് താമരശ്ശേരി ആനപ്പാറയിലെ സനൂപിന്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടത്. അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് ശക്തമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ക്ളോറിനേഷൻ ഉൾപ്പടെയുള്ള നടപടികൾ വരുത്തി തുടങ്ങി. ജലാശയങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കുളിക്കുന്നത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.