ഭുവനേശ്വർ: സർക്കാർ സ്‌കൂളിൽ ഒരു രാത്രി മുഴുവൻ പൂട്ടിയിട്ട രണ്ടാം ക്‌ളാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒഡീഷയിലെ കെൻജോർ ജില്ലയിലാണ് സംഭവം. കുട്ടിയുടെ തല ജനലഴികൾക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ബാൻസ്പാൽ ബ്ലോക്കിലെ സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജ്യോത്സ്ന ദെഹൂരി ക്‌ളാസ് മുറിയിലെ ബെഞ്ചിൽ ഉറങ്ങുകയായിരുന്നു. കുട്ടി ഉറങ്ങുന്നത് അറിയാതെ ടീച്ചർ ക്‌ളാസ് മുറി പൂട്ടി പോവുകയായിരുന്നു. കുട്ടി സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയില്ലെന്നും രാത്രി മുഴുവൻ അവളെ അന്വേഷിച്ചെന്നും വീട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച്ച പുലർച്ചെ ഗ്രാമവാസികൾക്കൊപ്പം സ്‌കൂളിൽ എത്തിയപ്പോഴാണ് കുട്ടിയുടെ തല ജനലഴികളിൽ കുടുങ്ങിയ നിലയിൽ കണ്ടത്. കുട്ടി സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ ഇരുമ്പ് ഗ്രിൽ വളച്ചു കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ. ക്‌ളാസ് മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയതിനാൽ രാത്രി മുഴുവനും കുട്ടിക്ക് ക്‌ളാസ് മുറിയിൽ കഴിയേണ്ടി വന്നു. അടച്ചിട്ട ക്‌ളാസ് മുറിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ തല ജനലഴികൾക്കിടയിൽ കുടുങ്ങിയത്.
സംഭവത്തെ തുടർന്ന് സ്‌കൂൾ ഹെഡ്‌മാസ്റ്ററെ ജില്ലാ ഭരണകൂടം സസ്പെൻറ് ചെയ്‌തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. കുട്ടിയുടെ തല ജനലഴികളിൽ കുടുങ്ങിയതിൻറെ വീഡിയോ വൈറലായതോടെ സംസ്ഥാനത്തുടനീളം ശകത്മായ പ്രതിഷേധം ഉയർന്നു.