34 C
Saudi Arabia
Sunday, August 24, 2025
spot_img

സാധാരണക്കാർക്ക് വേണ്ടി ജീവിച്ച രണ്ടു മാതൃക കമ്മ്യുണിസ്റ്റുകാർ വിടവാങ്ങി; നവയുഗം

ദമ്മാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെയും, വാഴൂർ സോമൻ എം.എൽ.എ യുടെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. പൊതുജീവിതത്തിൽ മാതൃകകൾ തീർത്ത, ജനകീയരായ രണ്ടു മുതിർന്ന കമ്മ്യുണിസ്റ്റ് നേതാക്കളെയാണ് അടുത്തടുത്ത ദിവസങ്ങളിലായി ജനാധിപത്യ ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

2012 മുതൽ 2019 വരെ സി.പി.ഐയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിയ്ക്കുകയും,രണ്ടു തവണ ആന്ധ്രാപ്രദേശിൽ നിന്നുള്ള ലോകസഭാംഗം എന്ന നിലയിൽ പ്രവർത്തിയ്ക്കുകയും ചെയ്തിട്ടുള്ള സുധാകർ റെഡ്ഢി ഇന്ത്യൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന ജനകീയ നേതാക്കളിൽ ഒരാളായിരുന്നു. വിദ്യാർത്ഥി സംഘടനാപ്രവർത്തനങ്ങളിൽ തുടങ്ങി എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി, എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സി.പി.ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ പദവികളിലൊക്കെ തിളങ്ങിയ അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ തിളക്കങ്ങൾക്ക് പുറകെ പോകാതെ തൊഴിലാളികൾക്കും, പാവപ്പെട്ടവർക്കും വേണ്ടിയുള്ള പൊതുപ്രവർത്തനത്തിലാണ് എന്നും ശ്രദ്ധ കേന്ദ്രീകരിച്ചത്.

തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന വാഴൂർ സോമൻ, ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.വിദ്യാർഥി സംഘടനാ പ്രവർത്തകനായി പൊതുരംഗത്തെത്തിയ അദ്ദേഹം, ദുരവസ്ഥയിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കുന്നതിനായി തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പോലീസുകാരുടെയും കമ്പനി ഗുണ്ടകളുടെയും ക്രൂരമായ മർദ്ദനങ്ങളെ നേരിട്ടു കൊണ്ടും അദ്ദേഹം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊരുതി. സംഘടനാ പ്രവർത്തകനും ജനപ്രതിനിധിയുമായി ആത്മാർഥവും ജനകീയവുമായ ഇടപെടലുകളാണ്‌ അദ്ദേഹം ജീവിതകാലം മുഴുവൻ നടത്തിയത്‌. തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കാണുന്നതിലും അദ്ദേഹം സവിശേഷ ശ്രദ്ധ പുലർത്തിയിരുന്നു.

മാതൃകാപരമായ പൊതുജീവിതം നയിച്ച ഈ രണ്ടു കമ്മ്യുണിസ്റ്റ് നേതാക്കളുടെയും വേർപാട്‌ വലിയ നഷ്ടമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നും, അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles