ഗാസ: ഗാസയിൽ നാല് മാധ്യമപ്രവർത്തകരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. അൽ ജസീറ കാമറാമാൻ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്.
അൽ ജസീറ ഫോട്ടോ ജേർണലിസ്റ് മുഹമ്മദ് സലാമ, റോയിട്ടേഴ്‌സ് ഫോട്ടോ ജേർണലിസ്റ്റ് ഹൊസ്സാം അൽ മസ്രി, അസോസിയേറ്റ്‌സ് പ്രസിൻറെയും ഇൻഡിപെൻഡന്റ് അറബിക്കിന്റെയും പ്രതിനിധി മറിയം അബു ദഖ, എൻബിസി നെറ്റ് വർക്ക് ജേർണലിസ്റ്റ് മോഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. നാസർ ആശുപത്രിയിലെ റിപ്പോർട്ടിങ്ങിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഇതോടെ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവത്തകരുടെ എണ്ണം 244 ആയി.
രണ്ടാഴ്‌ച മുമ്പ് അൽ ഷിഫാ ആശുപത്രിക്ക് നേരെ നടന്ന സമാനമായ ആക്രമത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്കു നേരെയുള്ള പുതിയ ആക്രമണം. പ്രശസ്ത യുദ്ധ റിപ്പോർട്ടറായ അൽ ജസീറയുടെ അനസ് അൽ ശരീഫ് ഉൾപ്പടെയുള്ളവരായിരുന്നു അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.