ന്യൂഡൽഹി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെഎ പോൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെയും ആക്‌ഷൻ കൗൺസിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ നിന്നും വിലക്കണമെന്നായിരുന്നു പോൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. നിമിഷപ്രിയയുടെ മോചനത്തിലെ മധ്യസ്ഥൻ എന്നവകാശപ്പെട്ടായിരുന്നു കെ എ പോൾ ഹർജി നൽകിയിരുന്നത്.
നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ആര് മാധ്യമങ്ങളോട് സംസാരിക്കണമെന്നതല്ല, നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കുക എന്നതാണ് കാര്യമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കെ എ പോളിന്റെ ഹരജി പരിഗണിച്ചു സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാവില്ലെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.
നിമിഷപ്രിയക്ക് വേണ്ടി സമാഹരിച്ച തുക ദുരുപയോഗം ചെയ്‌തെന്ന് പോൾ കോടതിയിൽ ആരോപിച്ചു. എന്നാൽ നുണകൾ പ്രചരിപ്പിക്കുകയാണ് പോളെന്ന് ആക്ഷൻ കൗൺസിൽ പ്രതികരിച്ചു. ഏഴ് ദിവസത്തിനകം സർക്കാർ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കിൽ ഞാൻ വീണ്ടും ഇടപെടുമെന്ന് കെ എ പോൾ കോടതിയിൽ പറഞ്ഞു. നിമിഷപ്രിയ തനിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ഞാൻ കണ്ടിട്ടുള്ളത്. ഇനി എന്ത് സംഭവിച്ചാലും ഞാൻ ഉത്തരവാദിയല്ലെന്നും പോൾ കോടതിയിൽ പറഞ്ഞു.