കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണം നൽകുന്നു എന്നാരോപിച്ച് ഷാഫി പറമ്പിലിന്റെ വാഹനം ഡിവൈഎഫ്ഐ തടയുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് നീക്കാൻ ശ്രമിക്കുന്നതിനിടെ ഷാഫി പറമ്പിൽ വാഹനത്തിൽ നിനിറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഷാഫിയും പ്രതിഷേധക്കാരും തമ്മിൽ പരസ്പരം വാക്കേറ്റം ഉണ്ടായതോടെ രംഗം ശാന്തമാക്കാൻ പോലീസ് പ്രയാസപ്പെട്ടു. പേടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും വടകര അങ്ങാടിയിൽ നിന്നും പേടിച്ചിട്ട് പോവാൻ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞായിരുന്നു ഷാഫി കാറിൽ നിന്നും ഇറങ്ങിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ അസഭ്യം വിളിച്ചെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
പ്രതിഷേധിച്ചോ, തെറി വിളിക്കരുത്. നായെ, പട്ടീ എന്ന വിളിച്ചാൽ കേട്ടിട്ട് പോവില്ല. സമരത്തിൻറെ പേരിൽ ആഭാസത്തരം കാണിച്ചാൽ വകവെക്കില്ല. എന്നും ഷാഫി പറഞ്ഞു. വടകര ടൗൺ ഹാളിൽ കെകെ രമ എംഎൽഎയുടെ വിദ്യാഭ്യാസ പരിപാടി കഴിഞ്ഞു വരുമ്പോഴായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിൽ എംപിക്ക് നേരെ കൊടിയും ബാനറും ഉൾപ്പടെ ഉയർത്തി അദ്ദേഹത്തിൻറെ കാർ തടഞ്ഞത്.